കേരളം

നിപ ആശ്വാസം; 15 സാമ്പിളുകളും നെഗറ്റീവ്

തിരുവനന്തപുരം: നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സാമ്പിൾ ശേഖരിച്ച ആരോഗ്യപ്രവർത്തകയുടെ പരിശോധനാഫലവും നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഇതോടെ, രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയ 15 പേരുടെയും ഫലം നെഗറ്റീവായതായി അദ്ദേഹം വ്യക്തമാക്കി.


നിപ ബാധ സ്ഥിരീകരിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ നാല് പേർ അതീവ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 14 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും, 86 പേർ കുറഞ്ഞ അപകടസാധ്യതാ വിഭാഗത്തിലുമാണ്.


രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 5-ലെ 81 വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംശയനിവാരണത്തിനായി ജില്ലാ കൺട്രോൾ റൂമിലേക്ക് പൊതുജനങ്ങളിൽ നിന്ന് ഇതുവരെ 89 ഫോൺവിളികൾ ലഭിച്ചിട്ടുണ്ട്.


സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരുമായും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ഇന്നും ബന്ധപ്പെട്ടു. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേർക്ക് കൗൺസലിംഗും മാനസിക പിന്തുണയും നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave A Comment