കേരളം

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന് കേരളമോഡല്‍ പ്ലേറ്റുകള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ എം വി ഡി

തിരുവനന്തപുരം: വാഹനങ്ങള്‍ക്കുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് മോട്ടോര്‍ വാഹനവകുപ്പ് സ്വന്തമായി നിര്‍മ്മിക്കും. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലാണ് നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കുക. യന്ത്രസാമഗ്രികള്‍ക്കായി ടെന്‍ഡര്‍ വിളിച്ചു. ആന്റണി രാജു ഗതാഗതമന്ത്രിയായിരുന്നപ്പോള്‍ അനുമതി നല്‍കിയ പദ്ധതിയുമായിട്ടാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് മുന്നോട്ടു പോകുന്നത്.
        
 സര്‍ക്കാര്‍ അനുമതി നേരത്തേ ലഭിച്ചിട്ടുള്ളതിനാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു. കേന്ദ്രനിയമം അനുസരിച്ച് 2019 ഏപ്രില്‍ മുതല്‍ പഴയ വാഹനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങളുള്ള നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയിരുന്നു. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍ പ്ലേറ്റ് വിപണി ലക്ഷ്യമാക്കി വന്‍കിട കമ്പനികളും ഇതരസംസ്ഥാന കമ്പനികളും രംഗത്തുള്ള പശ്ചാത്തലത്തിലാണ് സ്വന്തം നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ മോട്ടോര്‍ വാഹനവകുപ്പിന് അനുമതി നല്‍കിയത്.
         
 പഴയ വാഹനങ്ങളെല്ലാം നമ്പര്‍ പ്ലേറ്റ് മാറ്റുമ്പോള്‍, കുറഞ്ഞത് 1000 കോടി രൂപയുടെ വിപണിസാധ്യതയുണ്ട്. കേന്ദ്രനിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി നമ്പര്‍ പ്ലേറ്റ് നിര്‍മ്മിക്കാം. അല്ലെങ്കില്‍ അംഗീകാരമുള്ള കമ്പനികള്‍ക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കുകയോ കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കമ്പനിക്ക് കുത്തകാവകാശം നല്‍കുകയോ ചെയ്യാം. ഇത് രണ്ടും വിവാദത്തിന് ഇടയാക്കിയേക്കാം എന്നതുകൊണ്ടാണ് ആദ്യവഴി തേടുന്നത്. അതേസമയം, ടെന്‍ഡറില്‍ സ്റ്റാര്‍ട്ടപ്പുകളെ ഒഴിവാക്കിയത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. യന്ത്രങ്ങള്‍ വാങ്ങുന്നതിന് കരാര്‍ ക്ഷണിക്കുന്നതിനു പകരം 
പ്രിന്റിങ് യൂണിറ്റ് സജ്ജീകരിക്കാന്‍ ടെന്‍ഡര്‍ വിളിച്ചത് സ്വകാര്യ പങ്കാളിത്തമാണെന്നും ആരോപണമുണ്ട്.

Leave A Comment