മത്സ്യവും മത്സ്യോത്പന്നങ്ങളും ഇനി മാംസ വിഭാഗത്തിലല്ല; പട്ടികയിൽനിന്ന് നീക്കിയത് കേന്ദ്രം
തിരുവനന്തപുരം: നിലവില്‍ മാംസോത്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മത്സ്യ, മത്സ്യോത്പന്നങ്ങളെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ആ പട്ടികയില്‍നിന്ന് മാറ്റി. ഇവയെ ഉള്‍പ്പെടുത്തി പുതിയ വ്യാപാര വിഭാഗം നടപ്പാക്കി. ഇവയുടെ പരിശോധനാ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.
പൊതു ഉത്പാദന വിഭാഗത്തിലും മാംസോത്പന്ന വിഭാഗത്തിലുമായിരുന്നു മത്സ്യത്തെയും ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ വിഭാഗത്തിലായിരുന്നു വ്യാപാരികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നതും.വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ ലൈസന്‍സ് പുതിയ സംവിധാനത്തിന് അനുസരിച്ച് പുതുക്കണം. ഈ മാസം 18 മുതല്‍ ഇതു നടപ്പാക്കിയാണ് ഉത്തരവ്.
മത്സ്യ, മത്സ്യോത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താനും അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതുവരെ പരിശോധന നടത്തി സ്‌കോര്‍ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് വിവിധ ഗ്രേഡ് നല്‍കാനും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
Leave A Comment