പ്രാദേശികം

കല്ലേറ്റുംകര ഇരിങ്ങാടപ്പിളളി ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം

ആളൂർ: കല്ലേറ്റുംകര ഇരിങ്ങാടപ്പിളളി ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്‍പിലെ രണ്ട് ഭണ്ഡാരങ്ങളാണ് തകര്‍ത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് മോഷണം നടന്നത്. മോഷണ ദൃശ്യങ്ങള്‍ ക്ഷേത്രത്തിനുള്ളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു.

ക്ഷേത്രത്തിനകത്ത് കടന്ന മോഷ്ടാവ് കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് ഭണ്ഡാരത്തിന്റെ താഴ് തകര്‍ത്തത്. ഭണ്ഡാരത്തില്‍ നിന്ന് പണം കവര്‍ന്ന ശേഷം ക്ഷേത്രത്തിനുള്ളില്‍ കുറച്ചു നേരം തങ്ങിയ ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്. പാന്റും ഫുള്‍സ്ലീവ് ടീ ഷര്‍ട്ടും ധരിച്ചെത്തിയ മോഷ്ടാവ് മുഖം മറച്ചിരുന്നില്ല.

മൊബൈല്‍ ഫോണിലെ വെളിച്ചത്തിലാണ് മോഷ്ടാവ് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്നത്. എത്ര പണം നഷ്ടപ്പെട്ടുവെന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ആളൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave A Comment