ഭാര്യയുമായി തർക്കം: വീടിന് തീയിട്ടയാൾ അറസ്റ്റിൽ
തൃശൂർ: ഭാര്യയുമായുള്ള തർക്കത്തിൽ വീട്ടിലെ സാധനങ്ങൾ തീയിട്ട ഭർത്താവ് അറസ്റ്റിൽ. കണിമംഗലം വർക്കേഴ്സ് നഗറിൽ കങ്കമത്തിൽ ബാബുരാജ് (42) ആണ് അറസ്റ്റിലായത്. ബാബുരാജിന്റെ ഭാര്യ രാധയുടെ പരാതിയിലാണ് അറസ്റ്റ്. നിരന്തരമായി ഭാര്യയെ മർദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനെ തുടർന്ന് കോടതിയുടെ സംരക്ഷണ ഉത്തരവിലാണ് രാധയും മക്കളും കണിമംഗലത്തെ വീട്ടിൽ കഴിയുന്നത്.ഇക്കഴിഞ്ഞ 28ന് രാധയും മക്കളും പഴനിയിൽ പോയി തിരിച്ചു വരുമ്പോഴാണ് വീട്ടിലെ സാധനങ്ങൾ തീയിട്ട നിലയിൽ കണ്ടെത്തിയത്. വസ്ത്രങ്ങൾ, മകളുടെ സർട്ടിഫിക്കറ്റുകൾ, യൂനിഫോം തുടങ്ങിയവയെല്ലാം കത്തി നശിച്ചു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ കഴിഞ്ഞ ദിവസം വീട്ടുപരിസരത്തെത്തിയെന്ന വിവരത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാബുരാജിനെതിരെ നെടുപുഴ പോലീസ് സ്റ്റേഷനിൽ അഞ്ച് കേസുകളും, തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിൽ ഒരു കേസുമുണ്ട്. കോടതിയിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തു.
Leave A Comment