പ്രാദേശികം

ഗ്രാമിക മോഹൻ - സുബ്രഹ്മണ്യൻ നാടക പുരസ്കാരം സുനിൽ ജി.വക്കത്തിന്

മാള: കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദി ഏർപ്പെടുത്തിയ 'മോഹൻ - സുബ്രഹ്മണ്യൻ സ്മൃതി നാടക പുരസ്കാരം 2024' പ്രമുഖ നാടക പ്രവർത്തകൻ സുനിൽ ജി.വക്കത്തിന് നൽകാൻ തീരുമാനിച്ചിരിക്കുന്നു. യുവ ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനും ആയിരുന്ന  മോഹൻ രാഘവൻ്റെയും നാടക പ്രവർത്തകൻ കെ.കെ.സുബ്രഹ്മണ്യൻ്റെയും സ്മരണക്കായിട്ടാണ് 10000 രൂപയും പ്രശസ്തി പത്രവും സ്മൃതിഫലകവും ഉൾക്കൊള്ളുന്ന പുരസ്കാരം നൽകുന്നത്. നാടക പ്രവർത്തകരായ ഡോ.ഷിബു എസ്.കൊട്ടാരം, ശശിധരൻ നടുവിൽ, അഡ്വ.വി.ഡി.പ്രേംപ്രസാദ് എന്നിവരാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 

തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽനിന്നും തിയേറ്ററിൽ ബിരുദം നേടിയ സുനിൽ ജി.വക്കം 3 പതിറ്റാണ്ടായി കുട്ടികളുടെ നാടക വേദിയിലും അമച്വർ, പ്രൊഫഷണൽ നാടക വേദികളിലും മുഴുവൻ സമയ നാടക പ്രവർത്തകനാണ്. മൂന്ന് നാടക ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ശശിധരൻ നടുവിലും ടി.വി.ബാലകൃഷ്ണനുമാണ്  പുരസ്കാരം നേടിയത്. 

ജൂറി അംഗങ്ങളായ  ശശിധരൻ നടുവിൽ, അഡ്വ.വി.ഡി.പ്രേംപ്രസാദ്, ഗ്രാമിക പ്രസിഡണ്ട് പി.കെ.കിട്ടൻ, ട്രഷറർ സി.മുകുന്ദൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave A Comment