പ്രാദേശികം

'അങ്ങനെയങ്ങ് പുറത്താക്കാനാകില്ല'; മാളയില്‍ അയോഗ്യത നിയമപോരാട്ടം മുറുകുമ്പോള്‍

മാള: കുഴൂരിലെ ഒരു ഡോക്‌ടറെ ആക്രമിച്ചുവെന്ന കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മാള ഗ്രാമ പഞ്ചായത്ത്‌ അംഗം ജോഷി കാഞ്ഞൂത്തറ പഞ്ചായത്തിൽ ഹാജരായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കൂടിയായ ജോഷി കാഞ്ഞൂത്തറയെ തുടർച്ചയായി മൂന്ന് മാസത്തിലധികം കമ്മിറ്റികളിൽ പങ്കെടുക്കാത്തതിന് അയോഗ്യനാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണ സമിതി കത്തുനൽകിയതിനു പിറകെയാണ് അദ്ദേഹം പഞ്ചായത്തിൽ ഹാജരായത്. മാള പഞ്ചായത്ത് സെക്രട്ടറി കെ.ജെ. രാജുവാണ് അയോഗ്യനാക്കുന്നത് സംബന്ധിച്ച് രേഖകൾസഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തുനൽകിയത്.

ഫെബ്രുവരി പത്തിന് നടന്ന മാള പഞ്ചായത്ത് പ്രത്യേക ഭരണസമിതി യോഗത്തിൽ ജോഷി കാഞ്ഞൂത്തറയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് അജൻഡവെച്ച് തീരുമാനമെടുത്തിരുന്നു. മൂന്ന് മാസത്തിനുള്ളിൽ ചേർന്ന പതിമൂന്ന് വിവിധ കമ്മിറ്റികളിലാണ് പങ്കെടുക്കാതിരുന്നതെന്നും അജൻഡയിൽ ചേർത്തിരുന്നു.

സാധാരണ കമ്മിറ്റികളിൽ മൂന്നും അടിയന്തര കമ്മിറ്റികളിൽ അഞ്ചും വികസന സ്ഥിരംസമിതിയിൽ അഞ്ചും എണ്ണത്തിലാണ് ജോഷി പങ്കെടുക്കാതിരുന്നത്. അതുകൊണ്ടുതന്നെ പഞ്ചായത്ത് രാജ് നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ്‌ കമ്മിറ്റി തീരുമാനം. പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിന് പിന്നാലെയാണ് സെക്രട്ടറി നിയമപരമായ നടപടികൾ ആരംഭിച്ചത്.

അതിനിടെ യോഗത്തിൽ ഹാജരാകാത്ത ജോഷി കാഞ്ഞൂത്തറ കോൺഗ്രസ് അംഗമായ ജിയോ ജോർജ് വഴി അവധിക്ക് അപേക്ഷിച്ചെങ്കിലും കമ്മിറ്റി പരിഗണിച്ചില്ല. വ്യക്തിപരമായ കാരണങ്ങളാണ് അവധിക്ക് അപേക്ഷിച്ചതെന്നും അത്തരം കാരണങ്ങൾ വെളിപ്പെടുത്തണമെന്നില്ലെന്നും പരിഗണിക്കേണ്ടതായിരുന്നുവെന്നും ജിയോ ജോർജ് പറഞ്ഞു.

ഒക്ടോബർ ഏഴിന് ജോഷിയുടെ ജാമ്യം ഹൈക്കോടതി നിഷേധിച്ചിരുന്നു. 31 വരെ യോഗങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും പോലീസ് നടപടിയൊന്നും ഉണ്ടായില്ല. ഒളിവിൽ പോയ ജോഷി കാഞ്ഞൂത്തറയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മാള എസ്.എച്ച്.ഒ. സൂചിപ്പിച്ചിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ജോഷി കാഞ്ഞൂത്ര പഞ്ചായത്ത്‌ ഓഫീസിൽ നേരിട്ടത്തിയത്.

എന്നാൽ തന്നെ പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുപ്പിക്കണമെന്ന് ജോഷി കാഞ്ഞൂത്തറയുടെ ആവശ്യം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷേധിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എന്ന നിലയിൽ അയോഗ്യനാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിട്ടുള്ളതിനാൽ പഞ്ചായത്ത് യോഗത്തിൽ പങ്കെടുപ്പിക്കാൻ ആകില്ല എന്ന നിലപാടായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വീകരിച്ചത്. എന്നാൽ ഇക്കാര്യം രേഖാമൂലം എഴുതിത്തരണം എന്ന ജോഷി കാഞ്ഞത്തറയുടെ ആവശ്യം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ അഭാവത്തിൽ ജൂനിയർ സൂപ്രണ്ട് എഴുതി നൽകുകയായിരുന്നു. 

ഒരു ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യൻ ആക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്  മാത്രമേ അധികാരമുള്ളൂ എന്നിരിക്കെ  ഗ്രാമപഞ്ചായത്ത് കമ്മിറ്റിയിൽ തന്നെ  മനഃപൂർവം പങ്കെടുപ്പിക്കാത്തത് പഞ്ചായത്തീരാജ് ചട്ട നിയമങ്ങളുടെ ലംഘനമാണെന്ന് ജോഷി കാഞ്ഞൂത്തറ അഭിപ്രായപ്പെട്ടു. ഇക്കാര്യം മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷനും ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് ജോഷി കാഞ്ഞൂതറ മീഡിയ ടൈമിനോട് പറഞ്ഞു.

നിലവിലിരിക്കുന്ന കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം നിഷേധിച്ചുവെങ്കിലും ജോഷി കാഞ്ഞുത്തറയുടെ ഹർജി ഡിവിഷൻ ബെഞ്ചിന്റെ മുൻപാകെ നിലനിൽക്കുകയാണ്. ഡിവിഷൻ ബഞ്ച് വിചാരണയ്ക്കുശേഷം മാത്രം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നാൽ മതിയെന്ന്  പോലീസിനോട് നിർദ്ദേശിച്ചതായാണ് വിവരം. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജോഷി കാഞ്ഞുത്തറ ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഹാജരായത്.

Leave A Comment