പരവതാനി ശോഭയിൽ ആലുവ ശിവരാത്രി മണപ്പുറം
ആലുവ : ആലുവ മണപ്പുറത്തെ ശിവരാത്രിയാഘോഷങ്ങൾക്ക് പുതിയ മുഖം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവരാത്രി വ്യാപാരമേളയിലെത്തുന്നവരെയാണ് പരവതാനി വിരിച്ച് വരവേൽക്കുന്നത്. പൊടിശല്യം ഒഴിവാക്കുന്നതിനായി മണപ്പുറത്ത് പരവതാനി വിരിക്കുന്ന ജോലികൾ ആരംഭിച്ചു.
ഒരു ലക്ഷത്തോളം ചതുരശ്ര അടിയിൽ 20 ലക്ഷം രൂപ മുടക്കിയാണ് ചുവപ്പ്, പച്ച നിറത്തിലുള്ള പരവതാനികൾ മണപ്പുറത്ത് വിരിക്കുന്നത്. കൂടുതൽപേരെ മണപ്പുറത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയാണിത്. ബെംഗളൂരു ആസ്ഥാനമായുള്ള ഫൺ വേൾഡ് ആൻഡ് റിസോർട്ട് ഇന്ത്യയാണ് വ്യാപാരമേള കരാർ എടുത്തിരിക്കുന്നത്. ആലുവ നഗരസഭ നേരിട്ട് നടത്തിക്കൊണ്ടിരുന്ന വ്യാപാരമേള ഇതാദ്യമായാണ് കരാർ നൽകിയത്.
ശിവരാത്രിത്തലേന്ന് തുടങ്ങി ഒരുമാസം വരെ വ്യാപാരമേള നീണ്ടുനിൽക്കും. നൂറുകണക്കിന് സ്റ്റാളുകളും ഏറ്റവും പുതിയ വിനോദ ഉപകരണങ്ങളുള്ള അമ്യൂസ്‌മെന്റ് പാർക്കുമാണ് സ്റ്റാളിൽ ഒരുക്കുന്നത്. 150 അടിയിലേറെ ഉയരമുള്ള ജയിന്റ് വീൽ, റോബോട്ടിക് അനിമൽ, മരണക്കിണർ, സുനാമി സ്വിങ്, ചൈനാ ടോറ, ടെക്കോ ജബ് എന്നിവ ഒരുക്കിയിട്ടുണ്ട്. അണ്ടർ വാട്ടർ ടണൽ അക്വേറിയമാണ് ആകർഷണീയമായ ഇനം.
Leave A Comment