ചെങ്ങമനാട് പോലീസ് സ്റ്റേഷനു മുന്നിൽ ജനപ്രതിനിധികളുടെ പ്രതിഷേധം
നെടുമ്പാശേരി: കുന്നുകര പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും പിടികൂടി പോലീസിൽ ഏൽപ്പിച്ച മാലിന്യം കയറ്റിയ വാഹനത്തിനെതിരെ നടപടിയാവശ്യപ്പെട്ട് ചർച്ചയ്ക്കെത്തിയ വനിതാ പഞ്ചായത്ത് പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയ സിഐയ്ക്കെതിരേ നടപടിയാവശ്യപ്പെട്ട് ജനപ്രതിനിധികൾ ചെങ്ങമനാട് പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം സംഘടിപ്പിച്ചു.
കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ.അബ്ദുൽ ജബ്ബാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിബി പുതുശേരി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സിജു വർഗീസ്, പഞ്ചായത്തംഗങ്ങളായ എ.ബി. മനോഹരൻ, ജിജി സൈമൺ, വി.ബി. ഷഫീഖ് എന്നിവരാണ് സിഐക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്.
ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലിയും നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞും ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് കപ്രശേരിയും ചെങ്ങമനാട് ഗ്രാമ പഞ്ചായത്തംഗം സി.എസ്. അസീസും സ്റ്റേഷനു മുന്നിലെ കുത്തിയിരുപ്പ് പ്രതിഷേധത്തിൽ പങ്ക് ചേർന്നു.
കുന്നുകര പഞ്ചായത്തിലെ പന്നി ഫാമിന്റെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഫാം ഉടമയ്ക്ക് സ്റ്റോപ് മെമ്മോ നൽകുകയും 50,000 രൂപ പിഴ അടയ്ക്കുന്നതിന് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് വീണ്ടും ഫാമിലേക്ക് വാഹനത്തിൽ അസഹ്യമായ ദുർഗന്ധം വമിക്കുന്ന മാംസാവശിഷ്ടമടക്കമുള്ള മാലിന്യമെത്തുകയും നാട്ടുകാരും പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും മറ്റും ചേർന്ന് കൈയോടെ പിടികൂടുകയും ചെയ്തത്. എന്നാൽ വാഹനം കസ്റ്റഡിയിലെടുക്കാൻ ചെങ്ങമനാട് പോലീസ് തയാറായില്ല.
ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷ അംഗം ഉണ്ണികൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തിയപ്പോൾ വാഹനത്തിനെതിരേ കേസെടുക്കാൻ പോലീസ് തയാറായില്ല. അതോടെ പുറത്ത് പോയിരുന്ന സിഐ ബ്രിജുകുമാറിനെ പ്രസിഡന്റ് ഫോണിൽ ബന്ധപ്പെട്ടു. അതോടെയാണ് കേസെടുക്കാനാകില്ലെന്നും, അത് തങ്ങളുടെ പണി അല്ലെന്നുമായിരുന്നുമായിരുന്നുവത്രെ മറുപടി. തുടർന്നാണ് സിഐക്കെതിരെ നടപടിയാവശ്യപ്പെട്ട് ജനപ്രതിനിധികൾ സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം സംഘടിപ്പിച്ചത്.
തുടർന്ന് അൻവർ സാദത്ത് എംഎൽഎ, ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിയുമായി ബന്ധപ്പെടുകയും താനും സ്റ്റേഷനിലെത്തി സമരത്തിൽ പങ്കാളിയാകുമെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകിയതോടെ ഡിവൈഎസ്പി ഉടനടി സ്റ്റേഷനിലെത്തി ജനപ്രതിനിധികളുമായി ചർച്ച നടത്തുകയായിരുന്നു.
മാലിന്യം കയറ്റിയ വാഹനം കേസെടുത്ത് കോടതിക്ക് കൈമാറുമെന്നും ഫാം ഉടമയ്ക്കെതിരെകേസെടുക്കുമെന്നും മോശമായി പെരുമാറിയ സിഐയ്ക്കെതിരേ മാതൃകാപരമായി നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയ ശേഷമാണ് ജനപ്രതിനിധികൾ സമരം അവസാനിപ്പിച്ചത്.
Leave A Comment