മറ്റത്തൂരിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനം ഊർജിതം
കൊടകര: മറ്റത്തൂരിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനം ഉൗർജിതമാക്കി. മറ്റത്തൂർ പഞ്ചായത്തിലെ ഏഴ്, ഒന്പത്, പത്ത്, പതിനൊന്നു വാർഡുകളിൽപെട്ട പ്രദേശങ്ങളിലാണ് ഡെങ്കിപനി റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
85 പേർക്കാണ് ഇതുവരെ പഞ്ചായത്തിൽ ഡെങ്കിപനി ബാധിച്ചത്. ഇവരിൽ അഞ്ചുപേരൊഴികെയുള്ളവർ ആശുപത്രി വിട്ടു.
വാർഡ് ഒന്പതിലുള്ള ചൊക്കന തോട്ടം മേഖലയിലാണ് മെയ് മാസത്തിൽ ഡെങ്കിപനി ഈ വർഷം ആദ്യമായി റിപ്പോർട്ട് ചെയ്ത്. തുടർന്ന് മേഖലയിൽ നിരവധിപേർക്ക് പനി ബാധിച്ചു.
വീടുകളുടെ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിയുന്ന പഴയ പാത്രങ്ങൾ, പാഴ്വസ്തുക്കൾ തുടങ്ങിയവയിൽ കെട്ടി നിൽക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതാണ് രോഗവ്യാപനത്തിന് കാരണമാകുന്നത്. കൊതുകുകളെ പരമാവധി ഇല്ലാതാക്കുന്നതാണ് ഡെങ്കി പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന നിലയിലാണ് ജനങ്ങളെ ബോധവത്കരിച്ച് ഉറവിട നശീകരണം നടത്തുന്നത്.
ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയിലൂടെ കൊതുകുകളെ ഇല്ലാതാക്കാനാകുമെങ്കിലും ഈ രീതി ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ളതിനാൽ ഉറവിട നശീകരണത്തിനാണ് അധികൃതർ ഉൗന്നൽ നൽകുന്നത്.
ചെന്പുച്ചിറ സർക്കാർ സ്കൂളിലെ എൻഎസ്എസ് വളന്റിയർമാരെകൂടി ഉൾപ്പെടുത്തി മറ്റത്തൂർ പഞ്ചായത്തിലെ നൂലുവള്ളിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഡെങ്കിപനി ബോധവത്കരണം സംഘടിപ്പിച്ചു. കൊടകര ബ്ലോക്കിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ, എൻഎസ്എസ് വളന്റിയർമാർ എന്നിവർ പങ്കെടുത്തു.
അഞ്ചുപേരടങ്ങുന്ന സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ കയറിയിറങ്ങിയാണ് കൊതുകുകളെ നശിപ്പാനുള്ള ബോധവത്കരണം നടത്തിയത്.
പഞ്ചായത്തംഗം സീബ ശ്രീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ വി.കെ. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്മിത റോസി മഞ്ഞളി, റോബിൻ ജോസ്, എൻ.സി ഇല്യാസ്, ആൽബർട്ട് വിൻസൻ, സി. അരുണ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും ബോധവത്കരണ പരിപാടികൾ തുടരും.
Leave A Comment