ദേശീയം

പ്രാണപ്രതിഷ്‌ഠ നാളെ; ഉത്സവമേളത്തിൽ അയോധ്യ

അയോധ്യ: രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായി മാറുന്നതിൻ്റെ ആഘോഷങ്ങളാണ് അയോധ്യയിലെങ്ങും . 22-ാം തീയതി നടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അയോധ്യയുടെ എക്കാലത്തെയും വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് നാട്ടുകാർ. അയോധ്യയിലെത്തുന്ന അതിഥികളെ വരവേൽക്കാൻ നിരത്തുകളിൽ വിവിധ കലാപരിപാടികളും സജീവമാണ്.

ഉത്തർപ്രദേശ് പോലീസും ദ്രുതകർമ്മ സേനയും ദേശീയ ദുരന്തനിവാരണ സംഘവുമെല്ലാം നഗരം വളഞ്ഞു കഴിഞ്ഞു. റോഡിലും കെട്ടിടത്തിനു മുകളിലും എല്ലാം നിലയുറപ്പിച്ചിരിക്കുന്ന സേനാംഗങ്ങൾ പഴുതടച്ച സുരക്ഷയാണ് ലക്ഷ്യമിടുന്നത്. നഗരം കനത്ത സുരക്ഷാ വലയത്തിൽ ആണെങ്കിലും ആഘോഷങ്ങൾക്ക് അത് തടസ്സമാകുന്നില്ല.

അയോധ്യയിലെ മുഖ്യ ആകർഷക കേന്ദ്രമായ ലതാ മങ്കേഷ്കർ വീണയുടെ ഭീമൻ ശില്പത്തിനടുത്ത് സെൽഫി എടുക്കാൻ ഉള്ളവരുടെ തിരക്കാണ്. അതിനിടയിലും കൊട്ടും പാട്ടുമായി എത്തുന്നവരേറെ. സരയൂ നദീതീരത്തുള്ള രാമകഥ സംഗ്രഹാലയത്തിന് മുന്നിൽ നിരവധി സ്റ്റേജുകളിലാണ് ഒരേസമയം കലാപരിപാടികൾ അരങ്ങേറുന്നത്. 

അയോധ്യയിൽ എത്തുന്നവർക്ക് സൗജന്യമായി ചായയും മധുരപലഹാരങ്ങളും ഭക്ഷണവും വിതരണം ചെയ്യാൻ വിവിധ സംഘടനകൾ പലയിടത്തായി സൗകര്യമൊരുക്കിയിട്ടുണ്ട്. അയോധ്യ വളരുകയാണ്, ചെറിയൊരു നഗരത്തിൽനിന്ന് രാജ്യത്തെ തിരക്കുള്ള തീർത്ഥാടന കേന്ദ്രത്തിലേക്ക്.

Leave A Comment