ദേശീയം

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ മഹാറാലി നടത്താനൊരുങ്ങി ഇന്ത്യാ മുന്നണി

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഈ മാസം 31ന് ഡല്‍ഹിയില്‍ മഹാറാലി നടത്തുമെന്ന് ഇന്ത്യാ മുന്നണി നേതാക്കള്‍. ഇലക്ടറല്‍ ബോണ്ട് അഴിമതി മറച്ചുവക്കാനാണ് കേന്ദ്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കെജ്രിവാളിനെ വേട്ടയാടുന്നതെന്നും നേതാക്കള്‍ ആരോപിച്ചു. 

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് മെഗാറാലി സംഘടിപ്പിക്കുന്നതെന്ന് എഎപി നേതാവും ഡല്‍ഹി മന്ത്രിയുായ ഗോപാല്‍ റായി പറഞ്ഞു. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സമയത്ത് മന്ത്രിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ ആര്‍ക്കും തന്നെ അദ്ദേഹത്തെ കാണാന്‍ അനുവാദം കിട്ടിയില്ല. ഇന്നലെ ഭഗത് സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആഗ്രഹിച്ച് നടത്തിയ ചടങ്ങിലും തങ്ങളോട് കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്നും ഗോപാല്‍ റായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റാലിയില്‍ മെഴുകുതിരി കത്തിച്ചും കോലം കത്തിച്ചും പ്രതിഷേധിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി പൊലീസ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്തേക്കും ഇഡി ഓഫീസിലേക്കും പോകുന്ന റോഡുകള്‍ പൊലീസ് അടച്ചു.

Leave A Comment