ആതിഖിന്‍റെയും സഹോദരന്‍റെയും കൊലപാതകം; ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
ലക്നോ: സമാജ്വാദി പാർട്ടി നേതാവും ഗുണ്ടാ തലവനുമായ ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷൽ കമ്മീഷനാണ് സംഭവം അന്വേഷിക്കുക.
കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ദ്രുത കർമ്മ സേനയെ പ്രയാഗ്രാജിൽ വിന്യസിച്ചിട്ടുണ്ട്.
കാണ്‍പൂരിലും അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. അതേസമയം, സംഭവസമയം ആതിഖിനൊപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സസ്പെൻഡ് ചെയ്തു. കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
Leave A Comment