യു പിയിൽ ബാലന്മാരെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു, മലദ്വാരത്തിൽ മുളക് തേച്ചു
ലക്നോ: ഉത്തർപ്രദേശിൽനിന്ന് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിന്റെ വാർത്ത വീണ്ടും. മോഷണക്കുറ്റം ആരോപിച്ച് രണ്ട് ബാലൻമാരെ നാട്ടുകാർ മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. ഇവരുടെ മലദ്വാരത്തിൽ പച്ചമുളക് തേക്കുകയും ചെയ്തു.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം ക്രൂരകൃത്യം അറിഞ്ഞത്. 10 ഉം 15 ഉം വയസ് പ്രായമുള്ള ആൺകുട്ടികളോടാണ് ഹീനകൃത്യം നടത്തിയത്. സിദ്ധാർഥ്നഗർ ജില്ലയിലായിരുന്നു സംഭവം. പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ക്രൂരകൃത്യമത്രയും.
കുട്ടികളെ കെട്ടിയിട്ട ശേഷം പച്ചമുളക് കഴിപ്പിക്കുകയും മഞ്ഞനിറത്തിലുള്ള ദ്രാവകം കുത്തിവയ്ക്കുകയും ചെയ്തു. പിന്നാലെ കുപ്പിയിൽനിറച്ച മൂത്രം കുടിപ്പിച്ചു.
ഒരു വീഡിയോയിൽ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിൽ കുട്ടികളെ നിലത്തേയ്ക്കു തള്ളി വീഴ്ത്തുന്നു. കമഴ്ന്നു വീഴുന്ന കുട്ടികളുടെ മലദ്വാരത്തിൽ ഒരാൾ പച്ചമുളക് തേക്കുന്നതും കാണാം. ഓഗസ്റ്റ് നാലിനായിരുന്നു സംഭവം നടന്നത്.
പാത്ര ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള അർഷൻ ചിക്കൻ കടയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തിൽ ആറു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Leave A Comment