ദേശീയം

പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി NCERT; മാറ്റം പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ

ന്യുഡല്‍ഹി: പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി എൻ‌സിഇആർടി. പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കശ്മീർ, ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം, ഖലിസ്താൻ തുടങ്ങിയ പരാമർശങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യ – ചൈന രാജ്യങ്ങൾക്ക് സൈനിക സംഘർഷമെന്ന നേരത്തെയുള്ള പുസ്തകത്തിലെ പരാമർശം നീക്കിയാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ഇന്ത്യ – ചൈന ബന്ധം ശക്തമാകാത്തതിന് കാരണം ചൈനയുടെ പ്രകോപനമെന്നാണ് പുതുതായി ചേർത്തിരിക്കുന്നത്. ആസാദ് പാകിസ്താൻ എന്ന പരാമർശം നീക്കിയിട്ടുണ്ട്. പാക് അധീന കശ്മീർ പരാമർശിക്കുന്ന ഭാഗത്താണ് ആസാദ് പാകിസ്താൻ എന്ന് പരാമർശമുള്ളത്. ഇത് വിവാദത്തിന് വഴിവെച്ചിരുന്നു. ഇത് ഒഴിവാക്കി കൊണ്ട്. പാക് അധീന ജമ്മു കശ്മീർ എന്നാണ് പുതിയ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അനന്ദ്പൂർ സാഹിബ് പ്രമേയത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളിലെ ഖാലിസ്ഥാൻ പരാമർശവും നീക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ അതിജീവനത്തെ സംബന്ധിച്ചുള്ള കാർട്ടൂണും പാഠപുസ്തകത്തിൽ നിന്ന് നീക്കി. 2014 ന് മുമ്പുള്ള ഇന്ത്യയുടെ അവസ്ഥ മോശമായി ചിത്രീകരിക്കുന്നതാണ് പഴയ പുസ്തകമെന്നും ഇതിനാലാണ് മാറ്റം വരുത്തുന്നതെന്നുമാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.

Leave A Comment