ദേശീയം

ഇന്ത്യ ഹിന്ദുരാഷ്ട്രം; അഖണ്ഡ ഭാരതം ഉടൻ യാഥാർഥ്യമാകും: യോഗി ആദിത്യനാഥ്

ലക്നോ: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അഖണ്ഡ ഭാരതം വരും കാലങ്ങളിൽ യാഥാർഥ്യമാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു സ്വത്വം ഓരോ ഇന്ത്യക്കാരന്‍റെയും സാംസ്കാരിക പൗരത്വമാണ്. ഹിന്ദു എന്നത് ഒരു മതമോ വിഭാഗമോ അല്ല. ഇതൊരു സാംസ്കാരിക പദമാണെന്നും യോഗി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ആരെങ്കിലും ഹജ്ജ് നിർവഹിക്കാൻ പോകുമ്പോൾ, അവിടെ അവനെ ഹിന്ദു എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവിടെ ആരും അയാളെ ഹാജിയായി കാണുന്നില്ല. ഇസ്ലാമായും അംഗീകരിക്കുന്നില്ല. അവിടെ അയാളെ ഹിന്ദു എന്ന് വിളിക്കുന്നു. ആ പശ്ചാത്തലത്തിൽ കാണുകയാണെങ്കിൽ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയിലെ ഓരോ പൗരനും ഹിന്ദുവാണെന്നും യോഗി വ്യക്തമാക്കി.

ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുവാണ്. ഹിന്ദു എന്നതിനെ മതമായോ വിശ്വാസവുമായോ ബന്ധപ്പെടുത്തി പറയുമ്പോൾ, ഹിന്ദുവിനെ മനസിലാക്കുന്നതിൽ നമ്മൾ തെറ്റ് വരുത്തുകയാണെന്നും യോഗി പറഞ്ഞു.

ഇന്ത്യയുമായി കൂടിച്ചേരുകയെന്നത് പാക്കിസ്ഥാന്‍റെ താൽപര്യമായിമാറും. ആത്മീയലോകത്ത് പാക്കിസ്ഥാൻ എന്ന ഒന്നില്ല. അവർ ഇത്രയും കാലം അതിജീവിച്ചത് തന്നെ ഭാഗ്യമാണെന്നും പാക്കിസ്ഥാന്‍റെ തകർച്ചയെക്കുറിച്ച് യോഗി കൂട്ടിച്ചേർത്തു.

Leave A Comment