ദേശീയം

എന്‍റെ പ്രിയ സുഹൃത്ത്, വിഷമ ഘട്ടത്തിലും വന്നല്ലോ': അശോക് ഗെഹ്ലോട്ടിനെ പ്രശംസിച്ച് മോദി

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഗെഹ്ലോട്ടെന്നാണ് സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ മോദി പ്രസംഗിച്ചത്.

കോൺഗ്രസ് പാർട്ടിയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും വന്ദേ ഭാരത് എക്സ്പ്രസിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത ഗെഹ്ലോട്ടിനെ പ്രശംസിക്കുന്നതായും മോദി പറഞ്ഞു. ചടങ്ങിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ഈ ദിവസങ്ങളിൽ നിരവധി രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഗെഹ്ലോട്ടിനോട് ഞാൻ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. പ്രശ്നങ്ങളൊന്നും വകവയ്ക്കാതെ, വികസന പ്രവർത്തനങ്ങൾക്കായി അദ്ദേഹം സമയം ചിലവഴിക്കുകയും പങ്കെടുക്കുകയും ചെയ്തു.- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, രാജസ്ഥാനിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ 15ാമത് വന്ദേഭാരത് ട്രെയിനാണിത്. "പ്രഥമ ഇന്ത്യ, എപ്പോഴും ഒന്നാമത്' എന്ന ആശയത്തിലൂന്നിയ ഇന്ത്യയുടെ ആത്മാവിനെ പരിപോഷിപ്പിക്കുന്നതാണ് വന്ദേഭാരത് എക്സ്പ്രസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

Leave A Comment