തെരഞ്ഞെടുപ്പ് അടുത്തു; മേഘാലയയിൽ മറുകണ്ടം ചാടൽ തുടങ്ങി
ഷില്ലോംഗ്: 2023 മാർച്ചിൽ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കാഹളമൂതിക്കൊണ്ട് മേഘാലയയിലെ നാല് മുൻ എംഎൽഎാർ ബിജെപിയിൽ ചേർന്നു. ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയും രണ്ട് നാഷണൽ പീപ്പിൾസ് പാർട്ടി(എൻപിപി) എംഎൽഎമാരും ഒരു സ്വതന്ത്ര ജനപ്രതിനിധിയുമാണ് ബിജെപിയിലേക്ക് ചുവട് മാറ്റിയത്.
തൃണമൂൽ നേതാവ് എച്ച്.എം. ഷാംഗ്പ്ലിയാംഗ്, എൻപിപി നേതാക്കളായ ഫെർലിൻ സാംഗ്മ, ബെനെഡിക് മാറാക് എന്നിവർ എംഎൽഎ പദവി രാജി വച്ചിരുന്നു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറി ഒരു മാസത്തിന് ശേഷമാണ് ഇവർ ബിജെപിയിൽ ചേർന്നത്. സ്വതന്ത്ര എംഎൽഎ ആയ സാമുവൽ സാംഗ്മയും ബിജെപി പാളയത്തിൽ എത്തി.
എൻപിപി നയിക്കുന്ന ഭരണകക്ഷി സഖ്യത്തിലെ പാർട്ടിയാകാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് ഈ കൂടുമാറ്റം. തൃണമൂൽ നേതാവ് മമത ബാനർജി പാർട്ടി പരിപാടികൾക്കായി മേഘാലയയിൽ എത്തിയ വേളയിലാണ് ഈ നീക്കമെന്നത് ശ്രദ്ധേയമാണ്.
Leave A Comment