രാഷ്ട്രീയം

കൊടുംച്ചതി!,കൊടുങ്ങല്ലൂരിലെ ബ്ലോക്ക് പ്രസിഡന്റ്‌ സ്ഥാനത്തില്‍ അതൃപ്തി പരസ്യമാക്കി എ ഗ്രൂപ്പ്

കൊടുങ്ങല്ലൂര്‍: കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെ നിയമിച്ചതിൽ എ ഗ്രൂപ്പില്‍ പ്രതിഷേധം. കൊടുങ്ങല്ലൂർ - കയ്പമംഗലം നിയോജക മണ്ഡലത്തിലെ എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കന്മാര്‍ കൊടുങ്ങല്ലൂരില്‍  യോഗം ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. കെ പി സി സി നടപടിയെയോഗം  അപലപിച്ചു.  

കൊടുങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌ പ്രസിസൻറായിരുന്ന പ്രൊഫ: സി.ജി ചെന്താമരാക്ഷൻ രാജിവെച്ചതിനെ തുടർന്ന് നാലുമാസം മുമ്പ് ബ്ലോക്ക് പ്രസിഡൻ്റായി നിയമിച്ച പി യു സുരേഷ് കുമാറിനെ നിർദാക്ഷിണ്യം ഒരു വിശദീകരണവുമില്ലാതെ മാറ്റി പുതിയ ബ്ലോക്ക് പ്രസിഡൻ്റിനെ നിയമിച്ച നടപടിയെയാണ് എ ഗ്രൂപ്പ് ചോദ്യം ചെയ്യുന്നത്. പൗരവിചാരണ യാത്ര, ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക ക്യാമ്പ് എന്നി പരിപാടികൾ ഉൾപ്പടെ എല്ലാ പരിപാടികളും വൻ വിജയമാക്കി പാർട്ടിയുടെ പഴയ കാല പ്രതാപത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് പി യു സുരേഷ് കുമാറിനെ പുറകിൽ നിന്നും കുത്തിമറിച്ചിട്ടത് എന്ന് എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു.

1993 മുതൽ കൊടുങ്ങല്ലൂരിലെ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം ഈ സമയം വരെ ഉമ്മൻ ചാണ്ടി വിഭാഗമായ എ ഗ്രൂപ്പിനായിരുന്നു.എന്നാൽ ഐ ഗ്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഒരാളെ നിയമിച്ചതോടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ മാള അടക്കമുള്ള രണ്ട് ബ്ലോക്കും ഐ പക്ഷത്തിനായി മാറി. ഗ്രൂപ്പ് സമവാക്യങ്ങൾ അട്ടിമറിച്ച് പാർട്ടിയിലെ ഐക്യം തകർത്ത് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ച് പാർട്ടിയെ ശിഥിലമാക്കാനുള്ള ഐ ഗ്രൂപ്പ് ശ്രമത്തെ ചോദ്യം ചെയ്യുവാനും നടപടി പുന:പരിശോധിക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുവാനുമാണ് എ ഗ്രൂപ്പ് തീരുമാനം. 

ജില്ലയിലെ നേതാക്കളുടെപുന:സംഘടനാ സമിതി കൊടുങ്ങല്ലൂർ ബ്ലോക്കിൽ നിന്നും പി യു സുരേഷ് കുമാറിൻ്റെ പേര് മാത്രമാണ് കെ പി സി സിക്ക് സമർപ്പിച്ചിട്ടുള്ളത്. ബെന്നി ബെഹ്നാൻ എം പി യുടെ സമ്മതവും നിർദ്ദേശവും അനുസരിച്ചാണ് ഈ ഒരുപേരുമാത്രം ജില്ലാ കമ്മറ്റി നിർദ്ദേശിച്ചിട്ടുള്ളത്. ജില്ലയിൽ നിന്നും തയ്യാറാക്കി വരുന്ന സമിതിയിലെ ലിസ്റ്റിലെ ഒറ്റ പേരുള്ള തർക്കമില്ലാത്ത സ്ഥലങ്ങളിൽ യാതൊരു മാറ്റവും ഉണ്ടാക്കരുതെന്നാണ് കെ പി സി സി രാഷ്ട്രീയ കാര്യസമതിയുടെ തീരുമാനം. സംസ്ഥാന പുന:സംഘടന സമിതിയും ഈ ഒരു ഒറ്റ പേരു തന്നെയാണ് കെ പി സി സി പ്രസിഡൻ്റിന് സമർപ്പിച്ചിട്ടുള്ളത്. കെ പി സി സി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും മുമ്പാകെ ലിസ്റ്റ് അന്തിമപരിശോധനക്ക് വന്നപ്പോഴാണ് പിയു സുരേഷ് കുമാറിനെ വെട്ടി പുതിയ പ്രസിഡൻ്റിനെ നിയമിച്ചത്. ഈ  നടപടിയെയാണ് എ ഗ്രൂപ്പ് ചോദ്യം ചെയ്യുന്നത്. 

യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി സി സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ടി എം നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി യു സുരേഷ് കുമാർ, നേതാക്കളായ പി പി ജോൺ, പി എസ് മുജീബ് റഹ്മാൻ, പ്രൊഫ: സിജി ചെന്താമരാക്ഷൻ , ഇ.കെ.ബാവ , അയൂബ് കരൂപടന്ന, സി പി തമ്പി, ജോസഫ് ദേവസി, പോൾസൺ കയ്പമംഗലം, വി എ നദീർ, ഡിൽഷൻ കൊട്ടേക്കാട്ട്, സോയി കോലഞ്ചേരി ,ടി ഐ അബ്ദുൾ കരീം, എൻ ടി പോൾസൺ,പി എ കരുണാകരൻ,എ ചന്ദ്രൻ ,ജിജോ അരീക്കാടൻ, ആൻറണി പയ്യപ്പിള്ളി, ടി.കെ ജോണി, ടി എസ് ഷാജി, കെ.കെ ചിത്രഭാനു ,അഡ്വ: ഒ.എസ് സുജിത്ത്, സി എം മൊയതു, ഇ എ ഷെരീഫ്,സലീം കയ്പമംഗലം, അഡ്വ: വി എസ് അരുൺരാജ്, മനാഫ് അഴീക്കോട്, നിഷാഫ് കുരിയാപ്പിള്ളി എന്നീവർ സംസാരിച്ചു.

Leave A Comment