രാഷ്ട്രീയം

ഇന്ത്യയിൽ സി.പി.എം വംശനാശം നേരിടുന്ന പാർട്ടി : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

പറവൂർ:ബി.ജെ.പി.യെ ഭയക്കുന്നത് കൊണ്ടാണ് പിണറായി വിജയൻ്റെ അനുയായികളിൽ നിന്നും ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന ബി ജെ.പി.അനുകൂല പ്രസ്താവനകൾ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പറവൂരിലെ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം.കേന്ദ്ര കമ്മറ്റിയംഗവും പാർട്ടി വക്താവുമായ ഏ.കെ ബാലൻ പറയുന്നത് രാജ്യത്ത് ഈ തെരഞ്ഞെടുപ്പോടുകൂടി കോൺഗ്രസിൻ്റെ മയ്യത്തെടുക്കുമെന്നാണ്.കോൺഗ്രസിൻ്റെ പരാജയമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അങ്ങനെയെങ്കിൽ പത്തോ, പതിനെട്ടോ സീറ്റിൽ മാത്രം മത്സരിക്കുന്ന സി.പി.എം.അല്ലല്ലൊ ജയിക്കാൻ പോകുന്നത്.കോൺഗ്രസിൻ്റെ മയ്യത്തെടുക്കുമെന്ന് പറഞ്ഞാൽ ബി.ജെ.പി. ജയിക്കുമെന്നാണ് സി.പി.എം.നേതാവ് പറയുന്നത്.

സി.പി.എം.നേതാക്കന്മാരെല്ലാം പരസ്യമായി കേരളത്തിൽ മാത്രമല്ല, രാജ്യത്ത് മുഴുവൻ ബി.ജെ.പി.ക്ക് ജയിക്കാൻ വഴിയൊരുക്കി കൊടുക്കുന്നതിനുള്ള തിരക്കിലാണ്. എൽ.ഡി.എഫ്.കൺവീനർ ഇ.പി.ജയരാജൻ പറയുന്നത് ബി.ജെ.പി.ക്ക് മിടുക്കന്മാരായ സ്ഥാനാർത്ഥികളുണ്ടെന്നും അതിനാൽ അവർ ഒരുപാട് സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് വരുമെന്നാണ്. ഇത്തരം രാഷ്ട്രീയ നിലപാടുകളാണ് നിരന്തരമായ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

സി.പി.എം.ന് അന്വേഷണങ്ങളെ ഭയമാണ്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയില്ല. ഈ അനിശ്ചിതത്വത്തിൽ ബി.ജെ.പി.പെഭയന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുയായികളിൽ നിന്നും ബി.ജെ.പി.യെ സന്തോഷിപ്പിക്കുന്ന ബി.ജെ.പി.അനുകൂല പ്രസ്താവനകൾ വന്നു കൊണ്ടിരിക്കുന്നത്.

സി.പി.എം.ഇന്ത്യയിൽ വംശനാശം നേരിടുന്ന പാർട്ടിയാണ്.ബംഗാളിലും ത്രിപുരയിലും സി.പി.എം.ഇല്ലാതായി. സി.പി.എം.അവശേഷിക്കുന്നത് കേരളത്തിൽ മാത്രമാണ്.നിശ്ചിത ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ സി.പി.എം.ൻ്റെ അംഗീകാരം നഷ്ടപ്പെടും. പാർട്ടി ചിഹ്നം വഴിയിൽ ഉപേക്ഷിച്ച് ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും നീരാളിയുടെയും ചിഹ്നത്തിൽ മത്സരിക്കേണ്ടിവരുമെന്ന് സി.പി.എം. അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലാണ് സി.പി.എം.കേന്ദ്ര കമ്മറ്റിയംഗം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പിണറായും കൂട്ടരും കേന്ദ്രത്തിനെതിരെ കൊടുത്തിട്ടുള്ള കേസ് വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടും ജിമ്മിക്കും മാത്രമാണ്. അല്ലാതെ ഗവൺമെൻ്റിന് അതിനകത്ത് യാഥാർത്ഥ്യബോധമില്ല. കർണാടകയിൽ എൻ.ഡി.എ.യുടെ ഘടകകക്ഷിയായ ജനതാദൾ (എസ്) എന്തുകൊണ്ടാണ് ഇപ്പോഴും പിണറായി മന്ത്രിസഭയിൽ തുടരുന്നത്. ഇത് ബി.ജെ.പി.യെ ഭയന്നിട്ടാണ്.ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശമനുസരിച്ചാണ് മന്ത്രി കൃഷ്ണൻകുട്ടിയുടെ പാർട്ടിയേയും അദ്ദേഹത്തേയും മന്ത്രിസഭയിൽ നിന്നും പുറത്താക്കാത്തത്.

തൊട്ടടുത്ത സംസ്ഥാനത്ത് എൻ.ഡി.എ.യിൽ ഘടകകക്ഷിയായ പാർട്ടി ഇവിടെ സി.പി.എം ൻ്റെ കൂടെ മന്ത്രിസഭയിൽ ഇരിക്കുകയാണ്. കൃഷ്ണൻകുട്ടി കർണാടകയിൽ പ്രചരണത്തിന് പോയാൽ ബി.ജെ.പി. സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തേണ്ടിവരും. മാത്യൂ ടി. തോമസ് കർണാടകയിൽ പോയാൽ അവർക്ക് വേണ്ടി പ്രചരണം നടത്തേണ്ടിവരും. ഇവരെയൊന്നും പുറത്താക്കാൻ പറ്റാത്ത ഗതികേടിലാണ് സി.പി.എം.എത്തി നിൽക്കുന്നത്.

വർഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോൺഗ്രസ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പടുത്തപ്പോൾ ഗവർണർക്കെതിരെ സുപ്രിം കോടതിയിൽ പരാതി നൽകിയിട്ടുള്ളതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം.ഇവർ ഇത്രയും നാൾ എവിടെയായിരുന്നു. ഞങ്ങൾ കേന്ദ്രവുമായി സമരത്തിലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിട്ടാണിത്. 

സി.പി.എം.ൻ്റെ കേരളത്തിലെ കാലനായി പിണറായി വിജയൻ മാറിക്കൊണ്ടിരിക്കുകയാണ്.പിണറായി വിജയൻ തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്ക് പോയി. ഇടത് പക്ഷപാർട്ടിയല്ല. ബ്യൂർഷാ പാർട്ടിയാണ്. തീവ്രവലതുപക്ഷ നിലപാടാണ് എടുക്കുന്നത്.ബി.ജെ.പി.യുടെ വേറൊരു ഫാസിസ്റ്റ് പതിപ്പാണിവർ.

Leave A Comment