രാഷ്ട്രീയം

ഏക സിവിൽ കോഡ്: സിപിഎം സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ലീഗ്

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായി സിപിഎം നടത്തുന്ന സെമിനാറിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എന്നാൽ ഇതു സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്ത് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും സലാം മാധ്യമങ്ങളോട് പറഞ്ഞു.

ഏക സിവിൽ കോഡിലെ സിപിഎമ്മിന്‍റെ എതിർപ്പ് ആത്മാർഥമാകണം. മറ്റ് അജണ്ടകൾ പാടില്ലെന്നും സലാം വ്യക്തമാക്കി. അതേസമയം, ഏക സിവിൽ കോഡ് സെമിനാറിലേക്ക് സിപിഎം ക്ഷണം ലഭിച്ചെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളും പറഞ്ഞു. ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സിപിഎമ്മിന്‍റെ ക്ഷണം ദുരുദ്ദേശമെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എംപിയും പ്രതികരിച്ചു. സിപിഎമ്മിന്‍റേത് വൃത്തികെട്ട രാഷ്ട്രീയക്കളിയാണ്. ബിജെപിക്കും സിപിഎമ്മിനും ഒരേ രാഷ്ട്രീയ അജണ്ട. സിപിഎം കെണിയിൽ മുസ്‌ലിം ലീഗ് വീഴില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് എല്ലാ വിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരത്തേ പറഞ്ഞിരുന്നു. സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നത് ഫാസിസത്തിലേയ്ക്കുള്ള യാത്രയാണ്. അതിനെതിരേ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറുള്ള എല്ലാ വിഭാഗവുമായും ചേര്‍ന്ന് മുന്നോട്ട് പോകും.

മുസ്‌ലിം ലീഗിനെ മാത്രമല്ല സമസ്ത അടക്കമുള്ള വിഭാഗങ്ങളെയും, ബിഷപ്പുമാർ, ഗോത്രവിഭാഗങ്ങള്‍ തുടങ്ങി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത ഇല്ലാത്ത കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Comment