പുതുപ്പള്ളിയില്‍ ‘തൃക്കാക്കര മോഡല്‍’ പ്രചരണ പരീക്ഷണത്തിന് കോൺഗ്രസ് നീക്കം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ തൃക്കാക്കര മോഡലിലുള്ള തീവ്ര പ്രചാരണത്തിനും പ്രവര്‍ത്തനത്തിനും കോണ്‍ഗ്രസ്.ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രമുഖ നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി. ജോസഫ് എന്നിവർക്ക് മണ്ഡലത്തിന്റെ പൂര്‍ണ ചുമതല കോണ്‍ഗ്രസ് നേതൃത്വം നല്കി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച അനുസമരണ യോഗത്തിന് ശേഷം ഇന്ദിരാഭവനില്‍ കെ. സുധാകരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതാക്കളുടെ യോഗത്തിലാണ് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുത്തത്. തൃക്കാക്കര മോഡല്‍ പ്രവര്‍ത്തനവും പ്രചാരണവും ഉടന്‍ മണ്ഡലത്തില്‍ തുടങ്ങണമെന്നാണ് നിര്‍ദേശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, എം.എം. ഹസന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പുതുപ്പള്ളി, അയര്‍ക്കുന്നം എന്നീ രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളാണ് മണ്ഡലത്തിലുള്ളത്. പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അയര്‍ക്കുന്നം ബ്ലോക്കിൽ കെ.സി. ജോസഫിനുമായിരിക്കും ചുമതല.
ഇതുകൂടാതെ എട്ട് മണ്ഡലം കമ്മിറ്റികള്‍ക്കും 152 ബൂത്ത് കമ്മിറ്റികള്‍ക്കും ചുമതലക്കാര്‍ ഉണ്ടായിരിക്കും. മണ്ഡലം കമ്മറ്റികളുടെ ചുമതല ജില്ലയുടെ പുറുത്ത് നിന്നുള്ളവര്‍ക്കായിരിക്കും. രണ്ടു ബ്ലോക്ക് കമ്മറ്റികളും ഉടന്‍ വിളിച്ചു ചേര്‍ത്ത് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയിലൂടെ മണ്ഡലം വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നുവെന്നല്ലാതെ താഴെത്തട്ടില്‍ കോണ്‍ഗ്രസിന്റെ സംഘടനാപ്രവര്‍ത്തനം ഇവിടെ ദുര്‍ബലമാണ്. തെരഞ്ഞെടുപ്പ് സമയത്ത് ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ കാര്യമായ പ്രചാരണം നടത്താറില്ലായിരുന്നു. കേരളമൊട്ടാകെയുള്ള പ്രചാരണത്തിനിടയില്‍ പേരിന് മാത്രമുള്ള മണ്ഡലപര്യടനമാണ് സാധാരണ നടത്താറുള്ളത്.
എന്നാല്‍ ഇത്തവണ അങ്ങനെയല്ലെന്നും വിജയത്തിനപ്പറും ഭൂരിപക്ഷം പരമാവധി വര്‍ധിപ്പിക്കണമെങ്കില്‍ ശക്തമായ പ്രവര്‍ത്തനം കൂടിയേ തീരു എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
വോട്ടർപട്ടികയില്‍ പേരുചേര്‍ക്കല്‍, ബൂത്ത് തലത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തല്‍ തുടങ്ങിയവ ഉടന്‍ തുടങ്ങാനാണ് തീരുമാനം. ഇത് കൂടാതെ ബൂത്ത് തലത്തില്‍ വരെ ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങുകളും സംഘടിപ്പിക്കും.
ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ഉടന്‍ പ്രചാരണം തുടങ്ങാനുമാണ് കെപിസിസിയുടെ തീരുമാനം. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരമോ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Leave A Comment