പുതുപ്പള്ളിയെ അയോധ്യയാക്കാനുള്ള ശ്രമമെന്ന് സിപിഎം നേതാവ്; ചർച്ചയായി പരാമർശം
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെ സിപിഎം നേതാവ് കെ അനിൽകുമാർ. വിഡി സതീശന്റെ ഈ നീക്കം പുതുപ്പള്ളിയെ അയോധ്യയാക്കാനാണെന്ന് അനിൽകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ സൂത്രത്തിൽ ജയിക്കാനാണ് സതീശന്റെ നീക്കം. ഉമ്മൻചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫേസ്ബുക്ക് പോസറ്റിൽ അനിൽകുമാർ കുറ്റപ്പെടുത്തുന്നു. എറണാംകുളം ഡിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിലാണ് സതീശൻ ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പരാമർശം നടത്തിയത്. മതമേലധ്യക്ഷൻമാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിലെ പരാമർശം ചർച്ചയായിരുന്നു.
'അടിയന്തിരാവസ്ഥക്കാലത്താണ് ഉമ്മൻ ചാണ്ടിയുടെ കീഴിലെ കോൺഗ്രസ്സ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികൾക്കൊപ്പം നിന്ന ഒരാൾ എങ്ങനെ ഭൂമിയിലും സ്വർഗ്ഗത്തിലും അല്ലെങ്കിൽ നരകത്തിലും വിശുദ്ധനാകും. ഗ്രൂപ്പുവഴക്കിൽ ഇതേ പുതുപ്പള്ളിയിൽ ഒരു കോൺഗ്രസ്സ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാർ കൊന്നില്ലേ. പയ്യപ്പാടിയിൽ. കോൺഗ്രസ്സിനായി കൊല്ലപ്പെട്ട ഒരു കോൺഗ്രസ്സുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെ ലഭിക്കാനാണ്'.-അനിൽ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Leave A Comment