രാഷ്ട്രീയം

പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്ന് എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം ജനാധിപത്യ ബോധത്തെ വെല്ലുവിളിച്ചുവെന്നും സത്യത്തിന് നിരക്കാത്ത ആക്ഷേപങ്ങളുമായി സർക്കാരിനെതിരെ നിലപാടെടുത്തുവെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ ആരോപിച്ചു. പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്നും ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്നും ടിപി രാമകൃഷ്ണൻ ആരോപിച്ചു.

ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. വാച്ച് ആൻഡ് വാർഡ് തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിപക്ഷ അംഗങ്ങൾ കുറെ കയ്യേറ്റം ചെയ്യുമായിരുന്നു. ഡയസിൽ കയറിയ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണ്. ജി കാർത്തികേയന്റെ റൂളുംഗിന് എതിരായി സഭയിൽ ഇടപെട്ടതിന്‍റെ പേരിൽ ജെയിംസ് മാത്യുവിനേയും ടിവി രാജേഷിനേയും സസ്പെന്‍ഡ് ചെയ്ത കീഴ് വഴക്കമുണ്ട്.

സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാം. എഡിജിപിയെ മാറ്റിയതിൽ നടപടിയെക്കുറിച്ച് പരാമര്‍ശമില്ലാത്തത് അന്വേഷണ റിപ്പോർട്ടിൽ പരിശോധന പൂർത്തിയായി കാണാത്തതിനാലായിരിക്കാമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട വിവാദം പരിശോധനയിലാണ്. അതിൽ ആരോപണ വിധേയനാണല്ലോ എഡിജിപി. ത്രിതല അന്വേഷണ റിപ്പോർട്ട് വന്നിട്ടില്ല.

പൂരംകലക്കി എന്ന് പറയാനാകുമോയെന്നും പൂരം വെടിക്കെട്ടാണ് അലങ്കോലമായതെന്നും പ്രശ്നം ഗൗരവത്തിലെടുത്ത് പരിശോധന നടത്തുന്നുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. നടപടി ആവശ്യമെന്ന് കണ്ടാൽ ഇനിയും വരാം. തൃശ്ശൂർ പൂര വിവാദത്തിൽ റിപ്പോർട്ട് ഇനിയും വരാനുണ്ടെന്നും തിരക്ക് കൂട്ടേണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Leave A Comment