ജീവിതം മാറ്റിമറിച്ച മാളികപ്പുറം
വഴിത്തിരിവുകള്‍
ജനപ്രിയ കലാരൂപങ്ങളിൽ പ്രഥമവും പ്രധാനവുമായ സ്ഥാനം സിനിമക്ക് തന്നെയാണ്. ആ മാസ്മരിക ലോകത്തിൽ പ്രവേശനം നേടുക എന്നത് ഏതൊരു കലാകാരന്റെയും ആഗ്രഹമാണ്. പ്രവേശനത്തിന് പ്രതിഭ മാത്രം പോര ഭാഗ്യവും വേണം എന്നതാണ് ഈ മേഖലയുടെ പ്രത്യേകത.

ആരുമറിയാതെ ജീവിച്ചവർ ഇരുട്ടി വെളുക്കുമ്പോഴേക്കും പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നത് ഈ മേഖലയുടെ മാത്രം പ്രത്യേകതയാണ്. ഒരു പതിറ്റാണ്ട് കാലത്തോളം ക്ഷമയോടെ തിരക്കഥകളുമായി അലഞ്ഞുതിരിയുകയും ഒടുവിൽ തികച്ചു യാദൃശ്ചികമായി ഒരു തിരക്കഥ സൂപ്പർ ഡൂപ്പർ ഹിറ്റായി മാറുകയും ചെയ്തതോടെ തിരക്കുള്ള തിരക്കഥാകൃത്തായി മാറിയ അഭിലാഷ് പിള്ള തന്റെ സ്വന്തം കഥ പങ്കു വെക്കുന്നു.
തലക്ക് പിടിച്ച സിനിമാ മോഹം
പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ കോന്നിയിലാണ് ജനിച്ചതും രണ്ടു പതിറ്റാണ്ട് കാലം ജീവിച്ചതും. അച്ഛൻ വിജയൻ പിള്ള അമ്മ ശോഭ വിജയൻ. ഓർമ്മ വെച്ച കാലം മുതൽ അച്ഛൻ സിനിമ കാണാൻ തീയേറ്ററിൽ കൊണ്ടുപോകും. വെള്ളി, ശനി, ഞായർ ദിവസങ്ങൾ സിനിമയില്ലാതെ കടന്നുപോയിട്ടില്ല. സിനിമ കണ്ടു കണ്ട് സിനിമ തലക്ക് പിടിച്ചു എന്ന് പറയുന്നതാണ് വാസ്തവം.
ബിരുദം പൂർത്തിയാക്കിയപ്പോൾ എം.ബി എ പഠിക്കുന്നതിനായി എറണാകുളത്തേക്ക് താമസം മാറ്റി. എനിക്കൊരു സഹോദരൻ ഉണ്ടായിരുന്നു അനീഷ്. 2008 ൽ ഞങ്ങളെ വിട്ടു പിരിഞ്ഞു. കൊച്ചിയിലെ പഠനം കഴിഞ്ഞതും ബാംഗ്ലൂർക്ക് വണ്ടി കയറി ഐ.ടി ഫീൽഡിൽ ജോലി. അവിടുന്നു നേരെ വീണ്ടും കൊച്ചി ഇൻഫോപാർക്കിൽ.

ആദ്യം മുതലേ ജോലിയിൽ ഇരിപ്പുറക്കാത്ത അവസ്ഥ. അവസാനം സിനിമ തന്നെ ഇനി ജീവിതമെന്നു തീരുമാനിച്ച് രണ്ടും കൽപ്പിച്ച് ജോലി ഉപേക്ഷിച്ചു. വീട്ടുകാർ പൂർണ്ണമായും സഹകരിച്ചു.
മിന്നിത്തിളങ്ങിയ മാളികപ്പുറം
എട്ടു വർഷത്തോളം സ്ക്രിപ്റ്റുമായി നടന്നു. ആദ്യ സിനിമ പിറന്നത് തമിഴിൽ പേര് കടാവർ . 2020 ൽ ഷൂട്ടിങ്ങ് തുടങ്ങിയെങ്കിലും കോവിഡ് മഹാമാരിയാൽ 2022 ൽ ആണ് സിനിമ പുറത്തിറങ്ങിയത്. എന്നാൽ മൂന്ന് മലയാളം സിനിമകൾ കൂടി 2022 ൽ ഇറങ്ങി. പത്താം വളവും ,നൈറ്റ് ഡ്രൈവും മാളികപ്പുറവും .
ഏറെ ശ്രദ്ധിക്കപ്പെട്ടത് മാളികപ്പുറമാണ്. കോന്നിക്കാരനായ എനിക്ക് ശബരിമല എന്നും പ്രിയപ്പെട്ടതായിരുന്നു. ഒരുപാടു തവണ പോയിട്ടുമുണ്ട്. വളരെ മുൻപേ തീരുമാനിച്ചതാണ് അയ്യപ്പനെ വച്ചൊരു സിനിമ ചെയ്യണമെന്ന് . പ്രേക്ഷകർ അത് ഇരുകയ്യും നീട്ടി സ്വീകരിച്ചു . മാളികപ്പുറത്തിലെ ഓരോ കഥാപാത്രങ്ങളും വളരെ ഭംഗിയായി തങ്ങളുടെ റോളുകൾ പൂർത്തിയാക്കി. അതിലെ ഓരോ ഡയലോഗുകളും വളരെ ശ്രദ്ധാപൂർവ്വമാണ് എഴുതിയത്. പ്രത്യേകിച്ചും പ്രേക്ഷകർക്ക് അയ്യപ്പൻ വന്നു എന്ന തോന്നൽ നൽകാനായി .
ഇതിന് മുൻപും ഭക്തി സിനിമകൾ വന്നിട്ടുണ്ട്. ട്രെന്റ് മാറിക്കൊണ്ടിരിക്കും ഇതും മാറ്റത്തിന്റെ തുടക്കമാണ്. മാളികപ്പുറത്തിന്റെ കഥ കേട്ടതും ആന്റോ ജോസഫും വേണു കുന്നപ്പള്ളിയും മറ്റൊന്നും ആലോചിച്ചില്ല. എല്ലാവരും കൂടെ നിന്നതിന്റെ വിജയമാണ് മാളികപ്പുറത്തിലൂടെ കാണാൻ കഴിഞ്ഞത്. അതിൽ ടീച്ചറായി അഭിനയിച്ചത്. ഭാര്യ അശ്വതിയാണ്. എനിക്ക് രണ്ട് പെൺമക്കൾ വൈഷ്ണവിയും മീനാക്ഷിയും. മൂത്ത മകളാണ് പാടിയത്.
ലക്ഷ്യം സിനിമ മാത്രം
ഇതുവരെയുള്ള നാലു സിനിമകളിൽ മാളികപ്പുറമടക്കം മൂന്നു സിനിമകളിൽ ഞാനും അഭിനയിച്ചു. ഓരോ ത്തർക്കും ഓരോ ബ്രേക്കുണ്ട്. അത് എത്ര സിനിമ കഴിഞ്ഞാലാണെന്നറിയില്ല. 8 വർഷത്തോളം സ്ക്രിപ്റ്റും കൊണ്ടു നടന്നപ്പോളും ഞാൻ പ്രതീക്ഷ ഒരിക്കലും കൈവിട്ടിരുന്നില്ല.

ഇപ്പോൾ പുതിയ സിനിമയുടെ എഴുത്ത് നടക്കുന്നു. മാളികപ്പുറം ടീമിന്റെ തന്നെ ഒരു ചിത്രത്തിന്റെയും ആലോചന നടക്കുന്നു. പിന്നെ വലിയ പ്രൊജക്റ്റായ തമിഴ് ചിത്രം. എന്റെ സിനിമകൾ നൂറു ശതമാനം കുടുംബ ചിത്രമായിരിക്കും. എന്റെ ലക്ഷ്യം സിനിമയാണെന്ന് മനസ്സിലാക്കിയ അച്ഛനും അമ്മയും ഭാര്യയും പൂർണ്ണമായും കൂടെ നിന്നു. സിനിമ തന്നെയാണ് എന്റെ ജീവിതം
തയ്യാറാക്കിയത് ഉമ ആനന്ദ്
Leave A Comment