sports

ജാവലിന്‍ എറിഞ്ഞത് തലയില്‍ തുളച്ചുകയറി; 15കാരന് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയില്‍ സ്‌കൂളില്‍ ജാവലിന്‍ ത്രോയ്ക്കിടെ, 15കാരന് ദാരുണാന്ത്യം. പരീശീലനത്തിനിടെ, ജാവലിന്‍ തലയില്‍ തുളച്ചുകയറിയാണ് കുട്ടി മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

റായ്ഗഡ് ജില്ലയിലെ പുരാര്‍ ഐഎന്‍ടി ഇംഗ്ലീഷ് സ്‌കൂളില്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.  പരിശീലനത്തിനിടെ, മറ്റൊരു കുട്ടി എറിഞ്ഞ ജാവലിന്‍ 15കാരനായ ഹുജെഫ ദാവാരെയുടെ തലയില്‍ തുളച്ചുകയറുകയായിരുന്നു. തന്റെ നേര്‍ക്കാണ് ജാവലിന്‍ ത്രോ വരുന്നത് എന്ന് കുട്ടിക്ക് ശ്രദ്ധിക്കാന്‍ കഴിയാതെ പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ജാവലിന്‍  വരുന്ന സമയത്ത്  ഹുജെഫ ദാവാരെ ഷൂലെയ്‌സ് കെട്ടുകയായിരുന്നു. താലൂക്ക് തല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ജാവലിന്‍ ത്രോ ടീമില്‍ അംഗമായ ഹുജെഫ പരിശീലനം നടത്തുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായതെന്നും പൊലീസ് പറയുന്നു.


പരിശീലനത്തിനിടെ, ടീമിലെ മറ്റൊരു അംഗം എറിഞ്ഞ ജാവലിനാണ്  കുട്ടിയുടെ മേല്‍ പതിച്ചത്. ജാവലിന്‍ തലയില്‍ കുത്തിക്കയറി ഗുരുതരമായി പരിക്കേറ്റ 15കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ജാവലിന്‍ എറിഞ്ഞ കുട്ടിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചോ എന്നതടക്കം പരിശോധിക്കും. സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.

Leave A Comment