ബിസിനസ്

ഏഴുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍;നിഫ്റ്റി 23,000ല്‍ താഴെ, തകര്‍ന്ന് ഐടി ഓഹരികള്‍

മുംബൈ: ഓഹരി വിപണി ഏഴുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് ബിഎസ്ഇ സെന്‍സെക്‌സ് 824 പോയിന്റ് ഇടിഞ്ഞതോടെയാണ് ഈ നിലവാരത്തില്‍ എത്തിയത്. സെന്‍സെക്‌സ് 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 263 പോയിന്റ് ഇടിഞ്ഞതോടെ 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. 2024 ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് നിഫ്റ്റി 23000 ലെവലിനും താഴെ പോകുന്നത്. 22,829 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്.

ഐടി, എണ്ണ, പ്രകൃതിവാതക ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്. ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും വിപണിയെ സ്വാധീനിച്ചു. സെന്‍സെക്‌സ് 1.08 ശതമാനമാണ് ഇടിഞ്ഞത്.ഐടിക്ക് പുറമേ ടെലികോം, പവര്‍, ഫാര്‍മ ഓഹരികളും നഷ്ടം നേരിട്ടു.അമേരിക്കന്‍ വ്യാപാര നയം സംബന്ധിച്ച അനിശ്ചിതത്വമാണ് വിപണിയെ ബാധിച്ചത്. ഇത് ഇന്ത്യയെയും ബാധിക്കുമോ എന്ന ചിന്തയില്‍ നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. സെന്‍സെക്‌സില്‍ എച്ച്‌സിഎല്‍ ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 4.49 ശതമാനമാണ് എച്ച്‌സിഎല്‍ ഓഹരി ഇടിഞ്ഞത്. ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു ഓഹരികള്‍. മെച്ചപ്പെട്ട മൂന്നാം പാദ ഫലത്തെ തുടര്‍ന്ന് ഐസിഐസിഐ ബാങ്ക് മുന്നേറ്റം കാഴ്ചവെച്ചത് ശ്രദ്ധേയമായി. 1.39 ശതമാനമാണ് ഐസിഐസിഐ ബാങ്ക് ഉയര്‍ന്നത്.

Leave A Comment