ക്രൈം

ബ്യൂട്ടിപാർലറിന്റെ മറവിൽ സിന്തറ്റിക്ക് സ്റ്റാമ്പ്‌ വില്പന; ചാലക്കുടി സ്വദേശിനി അറസ്റ്റില്‍

ചാലക്കുടി: ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മാരക ലഹരി വസ്തുവായ എല്‍എസ്ഡി സ്റ്റാമ്പ് വില്പനക്കായി കൈവശം വച്ച കേസ്സില്‍ മദ്ധ്യവയസ്‌ക്കയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോടശ്ശേരി നായരങ്ങാടി കാളിയങ്കര ഷീല സണ്ണി(51)യെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ എസ് ഐ: കെ എസ് സതീശനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 12 സ്റ്റാമ്പുകളും ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. 

ടൗണ്‍ ഹാളിന് സമീപം ഷീ സ്റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു ഇവര്‍. സ്‌കൂട്ടറില്‍ നിന്നും ബാഗില്‍ ഒളിപ്പിച്ച ലഹരി വസ്തുവുമായി ബ്യൂട്ടിപാര്‍ലറിലേക്ക് പോകുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. ഒരു സ്റ്റാമ്പിന് അയ്യായിരം രൂപ വിലമതിക്കുമെന്ന് എക്‌സൈസ് അറിയിച്ചു. രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലഹരിവസ്തു ഇവര്‍ക്ക് വിതരണം ചെയ്യുന്ന ആളെ കുറിച്ച് സൂചന ലഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

പ്രിവന്റീസ് ഓഫീസര്‍ ജയദേവന്‍, വനിത എക്‌സൈസ് ഓഫീസര്‍മാരായ രജിത, സിജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave A Comment