കെ.എസ്.ആർ.ടി.സി. ഡ്രൈവറെ മർദ്ദിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു
കൊരട്ടി: ദേശീയപാത മുരിങ്ങൂരിൽ വച്ച് കെ.എസ്.ആർ.ടി.സി. ഡ്രൈവറെ മർദ്ദിച്ച കേസിൽ യുവാവിനെ കൊരട്ടി സി.ഐ.ബി.കെ.അരുൺ അറസ്റ്റു ചെയ്തു. ആലുവ എടയാപുറം സ്വദേശി വെളിയത്ത് മോഹനൻ്റെ മകൻ ലിജിൻ (37) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 15 ന് ഉച്ചതിരിഞ്ഞ് 4.15 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന ലിജിന് മറികടക്കാൻ മുമ്പിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.ബസ് വഴികൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിർത്തുകയും തർക്കം മൂത്ത് ഡ്രൈവറായ ഗോപീദാസിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
സംഭവമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തിയെങ്കിലും ലിജിനെ കണ്ടെത്താനായില്ല. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ നമ്പർ ലഭിച്ചിരുന്നെങ്കിലും മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇയാളുടെ ഫോട്ടോയെ ചുറ്റിപറ്റി നടത്തിയ അന്വേഷണത്തിൽ അങ്കമാലിയിൽ നിന്നും ലിജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരനാണ് ലിജിൻ.
കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ കൊരട്ടി സ്റ്റേഷനിലെ സീനിയർ സി.പി.ഒ.മാരായ പി.കെ.സജീഷ്, ജിബിൻ വർഗീസ് എന്നിവരും ഉണ്ടായിരുന്നു.
Leave A Comment