ക്രൈം

വരന്തരപ്പിള്ളിയിൽ 17-കാരനെ മർദിച്ച കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍

വരന്തരപ്പിള്ളി: വരന്തരപ്പിള്ളിയിൽ 17-കാരനെ മർദിച്ച കേസിൽ മൂന്നുപേരെ വേലൂപാടത്തുനിന്ന് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.  വേലൂപ്പാടം പൗണ്ട് സ്വദേശി കാട്ടാളൻ വീട്ടിൽ ജിബിൻ, കല്ലൂർ പച്ചളിപ്പുറം മണമേൽ നിഖിൽ, വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടിൽ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. 

യുവതിയുടെ പേരിൽ വ്യാജമായി പീഡനകേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് വരന്തരപ്പിള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർഥിയെ  പ്രതികൾ സംഘം ചേർന്ന് മർദിച്ചു എന്നാണ് പരാതി. യുവതിക്കെതിരെയുള്ള പരാതി പോക്സോ വകുപ്പിൽ പെടുത്തുന്നതിനാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പരാതിക്കാരനാക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. അക്രമി സംഘത്തിലുണ്ടായിരുന്ന സുമൻ എന്നയാളെ പോലീസ് തിരഞ്ഞു വരുന്നു.

വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശിയായ വിദ്യാർഥി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെ എട്ടോടെ കുട്ടിയെ കുറുമാലി പുഴയോരത്തേക്ക് വിളിച്ചു വരുത്തിയ സംഘം ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു. മുൻപരിചയമില്ലാത്ത ഒരു സ്ത്രീയുടെ ചിത്രം കാണിച്ച ശേഷം അവർ പീഡിപ്പിച്ചതായി പരാതിപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. ഒടുവിൽ നിർബന്ധത്തിനു വഴങ്ങിയ കുട്ടി സ്വന്തം ഫോണിൽനിന്ന് ചൈൽഡ് ലൈനിലേക്ക് വിളിച്ച് പ്രതികൾ പറഞ്ഞ പ്രകാരം പരാതിപ്പെട്ടു.

രാത്രി ഏറെ വൈകി  വീട്ടിലെത്തിയ കുട്ടി പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന്  തിങ്കളാഴ്ച മെഡിക്കൽ കോളേജിലും ചികിത്സ തേടി. വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്. ജയകൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 17കാരന്റെ സുഹൃത്തുക്കളേയും സംഘം മർദിച്ചതായി പരാതിയുണ്ട്. ഇവരും അക്രമികളുമായി മുൻ പരിചയമുണ്ടോയെന്നും പരാതിക്ക് കാരണക്കാരിയായ യുവതിക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.

Leave A Comment