കൊച്ചിയിൽ ഒന്നേകാൽ കോടിയുടെ സ്വർണവേട്ട; 7 സ്ത്രീകൾ പിടിയിൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ വൻ സ്വർണവേട്ട. അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച ഏഴ് സ്ത്രീകളാണ് കസ്റ്റംസിന്റെ പിടിയിലായത്.ആകെ 2443.60 ഗ്രാം സ്വർണമാണ് ഏഴ് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് 1.24 കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായിട്ടാണ് ഒരു ദിവസം ഏഴ് സ്ത്രീകൾ സ്വർണ കള്ളക്കടത്തിന് പിടിയിലാകുന്നത്. ദുബായിൽ നിന്ന് മൂന്ന് വിമാനങ്ങളിലായാണ് ഇവർ എത്തിയത്.
ഇന്നലെ പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ അഞ്ച് സ്ത്രീകളാണ് ആദ്യം പിടിയിലായത്. 79,82,572 രൂപ വില വരുന്ന 1570 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ 6.50 ന് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരിയും സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായി. 28,24,914 രൂപ വില വരുന്ന 555.85 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. പുലർച്ചെ മൂന്നിന് എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരിയും സ്വർണവുമായി പിടിയിലായി. 16,12,220 രൂപ വില വരുന്ന 317.20 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
എല്ലാവരും വസ്ത്രത്തിനകത്ത് ആഭരണങ്ങളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണം പിടികൂടുന്നത്.
Leave A Comment