ക്രൈം

കാപ്പിയിൽ വിഷം കലർത്തി ഭാര്യ, രുചിവ്യത്യാസം വന്നപ്പോൾ ഒളിക്യാമറ വച്ചു:ഒടുവിൽ അറസ്റ്റ്

വാഷിങ്ടണ്‍: കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവസവും കുടിക്കുന്ന കാപ്പിയില്‍ അണുനാശിനി കലര്‍ത്തിനല്‍കിയാണ് യുവതി ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.അമേരിക്കയിലെ അരിസോണ സ്വദേശിയായ മെലഡി ഫെലിക്കാനോ ജോണ്‍സണെയാണ്അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് റോബി ജോണ്‍സണ്‍ തന്നെയാണ് സംഭവത്തില്‍ തെളിവുകള്‍ സഹിതം പരാതി നല്‍കിയത്.

യു.എസ്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായ റോബി ജോണ്‍സണ് ഈ വര്‍ഷം മാര്‍ച്ച് മാസം മുതലാണ് ഭാര്യയുടെ നീക്കങ്ങളില്‍ സംശയം തോന്നിതുടങ്ങിയത്. മാര്‍ച്ച് മാസത്തില്‍ ദമ്പതിമാര്‍ ജര്‍മനിയില്‍ താമസിക്കുന്നതിനിടെ ഭാര്യ കുടിക്കാന്‍ നല്‍കിയ കാപ്പിയുടെ രുചിവ്യത്യാസം ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് 'പൂള്‍ ടെസ്റ്റിങ് സ്ട്രിപ്പ്‌സ്' ഉപയോഗിച്ച് ജോണ്‍സണ്‍ പരിശോധന നടത്തിയതോടെ കാപ്പി തയ്യാറാക്കുന്ന പാത്രത്തില്‍ ഉയര്‍ന്ന അളവില്‍ ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ കാപ്പി കുടിക്കുന്നതായി നടിച്ച ജോണ്‍സണ്‍, ഭാര്യ അറിയാതെ ഒളിക്യാമറകളും സ്ഥാപിച്ചു. ഈ ക്യാമറദൃശ്യങ്ങളില്‍നിന്നാണ് ഭാര്യയുടെ ക്രൂരത കൃത്യമായി മനസിലായത്.

കാപ്പി തയ്യാറാക്കുന്നതിന് മുന്‍പ് ഭാര്യ അണുനാശിനി എടുക്കുന്നതും ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം കാപ്പി തയ്യാറാക്കുന്ന പാത്രത്തിലേക്ക് ഒഴിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതോടെ ഭാര്യയുടെ കൊലപാതകശ്രമം സ്ഥിരീകരിച്ച ജോണ്‍സണ്‍, അരിസോണയിലെ വ്യോമസേന ക്യാമ്പില്‍ തിരിച്ചെത്തിയശേഷം ദൃശ്യങ്ങള്‍ സഹിതം പോലീസിനെ സമീപിക്കുകയായിരുന്നു. ഭാര്യ തന്നെ കൊല്ലാന്‍ശ്രമിക്കുകയാണെന്നും തന്റെ മരണത്തിന് ശേഷം ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഭാര്യ ഇത്തരമൊരു കൃത്യം നടത്തിയതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും യുവതിയെ പിടികൂടുകയുമായിരുന്നു.യുവതിയെ പിമ കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്. ഇരുവർക്കും ഒരു കുട്ടിയുണ്ട്. വിവാഹബന്ധം വേർപ്പെടുത്താനുള്ള നടപടികളുമായി രണ്ടുപേരും മുന്നോട്ടു പോവുന്നതിനിടെയാണു കൊലപാതകശ്രമം.

Leave A Comment