15കാരനെ ഉപദ്രവിച്ച് പണം ആവശ്യപ്പെട്ടു; നാലുപേര്‍ അറസ്റ്റില്‍
കൊച്ചി: സ്കൂള്‍ വിദ്യാര്‍ഥിയായ 15കാരനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഉപദ്രവിച്ച ശേഷം പണം ആവശ്യപ്പെട്ട സംഭവത്തില്‍ നാലുയുവാക്കള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശി ആദിത്യന്(19), നെട്ടൂര്‍ സ്വദേശികളായ ആശിര്‍വാദ്(19), ആഷ്ലി(18), ആദിത്യന്(20) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ ശേഷം കുമ്പളം റെയില്‍വേ ഗേറ്റ്, നെട്ടൂര്‍ ശിവക്ഷേത്രത്തിന് പിറകുവശം എന്നിവിടങ്ങളിലെത്തിച്ച് ദേഹോദ്രവമേല്പ്പിച്ച ശേഷം 1000 രൂപ ആവശ്യപ്പെട്ടു.
പണം നല്‍കിയില്ലെങ്കില്‍ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വടി കൊണ്ട് അടിക്കുകയും ചെയ്തു. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ആദിത്യന് നരഹത്യാശ്രമം, മോഷണം, പോക്സോ പ്രകാരമുള്ള കേസുകളിലും ആശിര്‍വാദ് നരഹത്യാ ശ്രമ കേസിലും മോഷണക്കേസുകളിലും ആഷ്ലിന് നിരവധി മോഷണക്കേസുകളിലും പ്രതികളായിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Leave A Comment