തൃശൂരിൽ ഇന്നലെ മൂന്നിടങ്ങളിൽ കത്തിക്കുത്ത്; 2 പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം
തൃശൂർ: ഓണാഘോഷത്തിനിടെ ജില്ലയെ ഭീകരാന്തരീക്ഷത്തിലാഴ്ത്തി വിവിധയിടങ്ങളിൽ രണ്ടുപേർ കത്തിക്കുത്തിൽ കൊല്ലപ്പെട്ടു. ഒരാൾക്കു ഗുരുതര പരിക്കേറ്റു. ചിയ്യാരം റെയിൽവേ ട്രാക്കിനു സമീപവും മൂർക്കനിക്കരയിലും അന്തിക്കാട് മുറ്റിച്ചൂരിലുമാണു കത്തിക്കുത്തുണ്ടായത്.
പൂത്തോൾ പിആൻഡ്ടി ക്വാർട്ടേഴ്സിൽ താമസിക്കുന്ന വെണ്ടറ വീട്ടിൽ കരുണാമയനെയാണു (വിഷ്ണു-25) ചിയ്യാരം റെയിൽവേ ട്രാക്കിനു സമീപം കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണു സംഭവം.
രക്തം വാർന്ന നിലയിൽ പരിസരവാസികളാണ് ഇയാളെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഇടവഴിയിൽ കണ്ടെത്തിയത്. ഉടൻ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുത്താനുപയോഗിച്ചതെന്നു കരുതുന്ന കത്തിയുടെ ഉറ സമീപത്തുനിന്ന് കണ്ടെത്തി.
തൃശൂർ എസിപി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാളെന്നും, കാപ്പ ചുമത്തി നാടുകടത്തിയ ഇയാൾ ശിക്ഷാകാലാവധി കഴിഞ്ഞ് തിരിച്ചെത്തിയതാണെന്നും പോലീസ് പറഞ്ഞു. ഗുണ്ടാപ്പകയാണു കൊലപാതകത്തിനു കാരണമെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.
മൂർക്കനിക്കരയിൽ ഇന്നലെ രാത്രി ഏഴോടെ ദേശക്കുമ്മാട്ടി മഹോത്സവത്തിനിടെയാണു മറ്റൊരു കൊലപാതകം നടന്നത്. മുളയം ചീരക്കാട് സ്വദേശി അഖിസാണു (28) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്നവർ ഇയാളെ തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കഞ്ചാവ് മാഫിയകൾ തമ്മിലുള്ള തർക്കമാണു കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാളെ രണ്ടുപേർ ചേർന്നാണ് കുത്തിയതെന്നു പറയുന്നു. ആദ്യ കുത്തുകിട്ടിയശേഷം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും രണ്ടാമത്തെ കുത്ത് കഴുത്തിൽ കിട്ടിയതോടെ അവശനിലയയിലാവുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തുന്നു.
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണു മുറ്റിച്ചൂർ സ്വദേശി കുട്ടാല നിമേഷിനു (23) കുത്തേറ്റത്. ഗുരുതര പരിക്കുകളോടെ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം മൂന്നിന്ന് മുറ്റിച്ചൂർ ലക്ഷം വീട് കോളനിയിലെ കാഞ്ഞിരത്തിൽ ഹിരണിന്റെ വീട്ടിൽവച്ചാണു കത്തിക്കുത്തുണ്ടായത്. പണിക്കവീട്ടിൽ ഷിഹാബും സുഹൃത്ത് നിമേഷും ചേർന്നു വാക്കുതർക്കം ഉണ്ടാവുകയും പിന്നീട് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. ഈ സമയം കത്തി ഉപയോഗിച്ച് ഹിരൺ നിമേഷിനെ കുത്തുകയായിരുന്നു.
ഹിരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന ഷിഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Leave A Comment