ക്രൈം

പേരു മാറ്റി ഒളിവില്‍ താമസം 24 വര്‍ഷം പിടികിട്ടാപുള്ളിയായ സ്ത്രീ അറസ്റ്റില്‍

ചെങ്ങന്നൂര്‍ (വെണ്‍മണി): ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ച കേസില്‍ 24 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപുള്ളിയായ സ്ത്രീയെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു.

ചെറിയനാട് കടയ്ക്കാട് മുറി കവലക്കല്‍ വടക്കത്തില്‍ സലീമിന്റെ ഭാര്യ സലീനയാണ് പോലീസ് പിടിയിലായത്. 

ഇവരും ഭര്‍ത്താവും ചേര്‍ന്ന് ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ചതിനു 1999ല്‍ വെണ്‍മണി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 24 വര്‍ഷത്തിന് ശേഷം ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ, തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്തു ഭര്‍ത്താവുമൊത്ത് ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. 

പിന്നീട് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സലീന എന്ന പേരു ഗസറ്റ് വിജ്ഞാപനം വഴിമാറ്റി  രാധിക കൃഷ്ണന്‍ എന്നാക്കി മാറ്റി തിരുവനന്തപുരം, ശ്രീകാര്യം, പോത്തന്‍കോട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു.

പേര് മാറ്റിയ ശേഷം ശ്രീകാര്യം ഇടവക്കോട് ചെമ്പക സ്‌കൂളില്‍ അധ്യാപികയായി ദീര്‍ഘകാലം ജോലി ചെയിരുന്നു.

നിരവധി തവണ കോടതിയില്‍ ഹാജരാകുന്നതിനു പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു, പിന്നീട് 2008ല്‍ കോടതി ഇവരെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെ കുറിച്ച് വെണ്‍മണി പോലീസിനു വിവരം ലഭിച്ചത്. 

തുടര്‍ന്ന് പ്രതിയെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി പിടിക്കുന്നതിനു ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് ബുധനാഴ്ച കൊല്ലകടവിലെ വീട്ടില്‍ എത്തിയ ഇവരെ അറസ്റ്റ് ചെയ്തത്. 

ഇവരുടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായാണ് ബാംഗ്ലൂരില്‍ നിന്നും കൊല്ലകടവില്‍ എത്തിയപ്പോഴായിരുന്നു പോലീസ് പിടിയിലായത്. 

പ്രതിയെ ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 24 വര്‍ഷമായി വിസ്താരം മുടങ്ങികിടന്ന കേസില്‍ ഇനി വിസ്താര നടപടികള്‍ ആരംഭിക്കും.

വെണ്‍മണി എസ്എച്ച്ഒ എ. നസീര്‍, സീനിയര്‍ സിപിഒമാരായ ശ്രീദേവി, റഹിം, അഭിലാഷ്, സിപിഒ  ജയരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Comment