ക്രൈം

വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിന് അടുത്ത് മഞ്ഞൾപ്പൊടി വിതറിയ നിലയിൽ

കോതമംഗലം: വീട്ടമ്മയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോതമംഗലം കള്ളാടിന് സമീപമാണ് സംഭവം. ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് മരിച്ചത്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഈ സമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഭക്ഷണം കഴിച്ച് ഡൈനിങ് ടേബിളിൽ ഇരുന്ന സാറാമ്മയെ പിന്നിൽ നിന്ന് മാരകായുധം വെച്ച് അടിച്ചുവെന്നാണ് കരുതുന്നത്. സ്ഥലത്ത് മഞ്ഞപ്പൊടി വിതറിയിട്ടുണ്ട്.

Leave A Comment