കുഴൂരിൽ 25 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസ്സിൽ അയൽവാസികളായ രണ്ടു സ്ത്രീകൾ അറസ്റ്റിൽ
മാള: കുഴൂരിൽ 25 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസ്സിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. കുഴൂർ തെക്കും മുറി പുളിക്കൽ വീട്ടിൽ അഖിലിന്റെ ഭാര്യ സാലികയുടെ സ്വർണ്ണാഭരണങ്ങളാണ് വീട്ടിനകത്തെ അലമാരയിൽ നിന്ന് കാണാതായത്. ഇവരുടെ അയൽവാസികളായ മകളെയും അമ്മയേയുമാണ് മാള ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പിടികൂടിയത്.ഞായറാഴ്ച ഒരു വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശാലിക ആഭരണങ്ങൾ മുകൾ നിലയിലെ അലമാരയിൽ വച്ചിരുന്നു. പിന്നീട് ബുധനാഴ്ച മറ്റൊരു ഫംഗ്ഷന് പോകാനായി ആഭർണങ്ങൾ നോക്കിയപ്പോഴാണ് ഇവ സൂക്ഷിച്ചിരുന്ന ബോക്സ് അടക്കം നഷ്ടപ്പെട്ടതറിയുന്നത്. ഇതോടെ പോലീസിൽ പരാതിപ്പെടുയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് മോഷണ രീതി കണ്ട് ആദ്യമേ ഉറപ്പിച്ചു.
മോഷ്ടാവ് അകത്ത് അല്ലെങ്കിൽ തൊട്ടടുത്ത് . ഇതേത്തുടർന്ന് പോലീസ് സംഘം മഫ്തിയിൽ പരിസരവാസികളെ രഹസ്യമായി നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് കേസ് റിപ്പോർട്ടായി പിറ്റേന്ന് തന്നെ പ്രതികളെ അറസ്റ്റു ചെയ്തത്.
മറ്റു അയൽവാസികളുടെ വീടുകളോടൊപ്പം പ്രതികളുടെ വീട്ടിലും എത്തി പോലീസ് കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഇവർ അറിയാതെ തന്നെ ഇവരുടെ മൊഴികൾ രഹസ്യമായി അന്വേഷിച്ച് പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇവർ അന്നമനടയിലെ ഒരു ജ്വല്ലറിയിൽ എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ബുധനാഴ്ച പ്രതികൾ കോ- ഓപ്റേറ്റീറ്റ് ബാങ്കിലെത്തി ലോക്കറിൽ എന്തോ സൂക്ഷിച്ചതായും വിവരം ലഭിച്ചു.
ഇതോടെ പോലീസ് ഇവരെ രഹസ്യമായി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു.
അയൽവാസികളെങ്കിലും ഇവർ തമ്മിൽ അത്ര സൗഹൃദത്തിലായിരുന്നില്ല.
ഉള്ളിൽ തോന്നിയ ചെറിയ വൈരാഗ്യത്തിന് ചെയ്തു പോയതെന്നാണ് പ്രതികൾ പറഞ്ഞതായി വിവരം. മകളാണ് മോഷണം നടത്തിയത്. അന്നു തന്നെ ഇരുവരും കൂടി സ്വർണ്ണാഭരണങ്ങളിൽ പലതും ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റ് പുതിയത് വാങ്ങി. കസ്റ്റഡിയിലെടുത്ത് ചോദിച്ചപ്പോൾ തങ്ങളുടേതെന്ന് പലവട്ടം പറഞ്ഞപ്പോഴും ക്ഷമയോടെ കേട്ടു നിന്ന അന്വേഷണ ഉദ്യോഗസ്ഥൻ എന്നാണ് ലോട്ടറി അടിച്ചത് എന്ന് തിരിച്ചു ചോദിച്ചപ്പോൾ തലകുനിച്ചു നിൽക്കാനേ ഇവർക്കായുള്ളു.
തിങ്കളാഴ്ച രാവിലെ അഖിലിൻ്റെ വീട്ടിലെ എല്ലാവരും ജോലിക്ക് പോയ തക്കം നോക്കി അകത്തു കയറിയാണ് മാഷണം. വീട് പൂട്ടി പുറത്തെ ബാത്റൂമിനടുത്തുള്ള ബോക്സിൽ താക്കോൽ വയ്ക്കുന്നത് രതിക കാണാറുണ്ട്. ഇതെടുത്ത് വാതിൽ തുറന്ന് എല്ലാ മുറികളിലും പരിശോധിച്ച് മുകളിലെത്തി അലമാര പരിശോധിക്കുന്നതിനിടെ സ്വർണ്ണാഭരണങ്ങൾ വച്ചിരുന്ന ബോക്സിൻ്റെ താക്കോൽ ലഭിക്കുന്നത്. മോഷണം നടത്തിയശേഷം താക്കോൽ യഥാസ്ഥാനത്ത് വച്ച് സ്ഥലം വിടുകയായിരുന്നു.
.ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം. ഡി. കുഞ്ഞിമോയിൻ കുട്ടി, മാള ഇൻസ്പെക്ടർ സുനിൽ പുളിയ്ക്കൽ എസ്.ഐ.മാരായ കെ.ശശി, കെ.കെ.ബിജു, ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഇ.എസ്. ജീവൻ , കെ. എസ്. ഉമേഷ്, മാള പോലീസ് സ്റ്റേഷൻ സീനിയർ സി.പി.ഒ കെ.വി.അഭിലാഷ്, കെ.ഡി.നവീൻ, കെ.എസ്.സിദീജ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Leave A Comment