ക്രൈം

കൂടപ്പുഴ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മോഷണം; സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

ചാലക്കുടി: കൂടപ്പുഴ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. തിങ്കളാഴ്ച രാവിലെ 5:30 ന് ക്ഷേത്രം മേൽശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

ക്ഷേത്രത്തിന്റെ  ഓട് പൊളിച്ചാണ്  മോഷണം നടത്തിയിരിക്കുന്നത്. ശ്രീകോവിലിൻ്റെ രണ്ട് പൂട്ട് തകർത്ത ശേഷമാണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്. സ്ഥിരമായി ഭഗവതിയെ ചാർത്തുന്ന മരതക കല്ലിൻൻ്റെ പതക്കവും, നെക്ലേസ്മാലയും കൂടാതെ സ്ഥിരമായി ഉപയോഗിക്കുന്ന പട്ടും താലിയുമാണ് മോഷണം പോയിരിക്കുന്നത്. എന്നാൽ ഭണ്ഡാരങ്ങളിൽ നിന്നോ മറ്റൊന്നും കവർച്ച  നടത്തിയിട്ടില്ല. ക്ഷേത്രത്തിൻ്റെ തന്നെ മറ്റൊരു വാതിൽ ഉള്ളിൽ നിന്ന് തുറന്നാണ് മോഷണത്തിന് ശേഷം മോഷ്ടാവ് പുറത്തുകടന്നു പോയിട്ടുള്ളതെന്ന് സൂചന.

ആറുമാസം മുമ്പ് ഇതേ അമ്പലത്തിൽ  ഭണ്ഡാരം തല്ലിപ്പൊളിച്ച് മോഷണം നടന്നിട്ടുണ്ട്. ഏകദേശം 10,000 രൂപ അന്ന് നഷ്ടപ്പെട്ടതായും ക്ഷേത്രം കൺവീനർ നന്ദകുമാർ ചിറക്കൽ, കരയോഗം സെക്രട്ടറി സുകുമാരൻ മറ്റത്തിൽ, കരയോഗം പ്രസിഡന്റ് എ.എൻ പ്രകാശ് എന്നിവർ അറിയിച്ചു. സംഭവമറിഞ്ഞ് ചാലക്കുടി പോലീസ് സ്ഥലത്തെത്തി അന്വേക്ഷണം നടത്തി. പരാതിയെ തുടർന്ന് കേസ് എടുത്ത് അന്വേക്ഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Leave A Comment