ക്രൈം

നിധി കിട്ടിയ സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം തട്ടിയെടുത്തു; ആസാം സ്വദേശികൾ പിടിയിൽ

ചാലക്കുടി: നിധി കിട്ടിയ സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ നാല് ആസാം സ്വദേശികളെ ചാലക്കുടി പോലീസ് പെരുമ്പാവൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുവനന്തപുരം ട്രെയിനിൻ്റെ ലോക്കോ പൈലറ്റ് പറഞ്ഞ പ്രകാരം പുഴയിൽ ചാടിയവരെന്ന് സംശയിക്കുന്ന നാല് പേരിൽ ഒരാൾക്ക് പരിക്കേറ്റതാണ്  പ്രതികളെ  പിടികൂടാൻ സഹായിച്ചത്. 

സംഭവത്തിന് ശേഷം മുരിങ്ങൂർ ഡിവൈന്‍ നഗര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലെത്തിയവരെ പുലര്‍ച്ചെ മുന്നരയോടെ കൊരട്ടി ജംഗ്ഷനില്‍ എത്തിച്ചതായും അവിടെ നിന്ന് വേറെ ഓട്ടറിക്ഷയില്‍ അങ്കമാലി ഭാഗത്തേക്ക് അവർ പോയെന്നുള്ള ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റയാൾ  പെരുമ്പാവൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായ ശേഷം ആശുപത്രിയിൽ കഴിയുന്നതറിഞ്ഞത്. തുടർന്ന്   പോലീസ് സംഘം പെരുമ്പാവൂര്‍ ആശുപത്രിയില്‍ കാവല്‍ ഏര്‍പ്പെടുത്തുകയും  ചൊവ്വാഴ്ച പുലർച്ചെ മറ്റ് മൂന്ന് പേരെ കൂടി അന്വേക്ഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

നാദപുരം സ്വദേശികളായ രാജേഷ്, ലെനീഷ് എന്നിവരെ ആസാം സ്വദേശിയായ ജെ സി ബി ഓപ്പറേറ്ററുടെ നേതൃത്വത്തിൽ  കെട്ടിടം  പൊളിക്കുമ്പോൾ ലഭിച്ച  നിധിയുടെ സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് തൃശ്ശൂരിലും അവിടെ നിന്ന് ചാലക്കുടിയിലുമെത്തിച്ചു. ഇവിടെ വച്ച്  മറ്റ് മൂന്ന്  സുഹൃത്തുക്കളുടെ സഹായത്തോടെ നാദാപുരം സ്വദേശികൾക്ക്  മുക്കു പണ്ടം നൽകി പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിലാണ് സംഘത്തിലെ ഒരാൾക്ക് വിണ് പരിക്കേൽക്കുകയും ചെയ്തത്‌. പ്രതികളെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പും മറ്റു നടത്തുമെന്നാണ് സൂചന.

Leave A Comment