ക്രൈം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; 8 വർഷം തടവും 20,000 രൂപ പിഴയും

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ച കേസിലെ പ്രതി എടവനക്കാട് ഇല്ലത്തുപടി പാലയ്ക്കൽ നിഖിലിന് (22) അതിവേഗ സ്പെഷൽ കോടതി എട്ട് വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിനു നൽകും. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറ് മാസം അധികതടവ് അനുഭവിക്കണമെന്നും ജഡ്‌ജി ടി കെ സുരേഷ് ഉത്തരവിട്ടു. 

2021 മാർച്ചിലാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്നു പ്രണയം നടിച്ചു പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വാട്‌സാപ് വഴി കൈക്കലാക്കി പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഞാറക്കൽ പൊലീസാണ് കേസെടുത്തത്. ഇൻസ്പെക്ട‌ർ ആയിരുന്ന രാജൻ കെ അരമന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ്‌കുമാർ ഹാജരായി.

Leave A Comment