ക്രൈം

മാളയിൽ മൊബൈൽ ടവറിന്റെ എർത്ത് കേബിളുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

മാള: മൊബൈൽ ടവറിന്റെ എർത്ത് കേബിളുകൾ മോഷ്ടിച്ച യുവാവിനെ മാള പോലീസ് അറസ്റ്റ് ചെയ്തു. ആളൂർ കല്ലേറ്റുംകര ചിറയത്ത് വീട്ടിൽ ജോജോ(39) യെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷണം നടത്താൻ ഉപയോഗിച്ച ഉപകരണങ്ങളും ബാഗും കണ്ടെത്തി. 

വെള്ളിയാഴ്ച രാവിലെ മാള ഫൊറോന പള്ളി കോംപ്ലക്സിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറിന്റെ ഷെൽട്ടറിലാണ് മോഷണം നടന്നത് .വെള്ളിയാഴ്ച രാവിലെ  
ഇരു ചക്ര വാഹനത്തിൽ എത്തിയ ആൾ മൊബൈൽ ടവറിന്റെ സാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തി കേബിളുകൾ ശേഖരിക്കുമ്പോൾ എറണാകുളത്ത് മൊബൈൽ ടവർ കമ്പനി ഓഫീസിൽ മെസേജ് ലഭിച്ചു. തുടർന്ന് ഇവിടെ നിന്നും അഷ്ടമിച്ചിറയിലെ ഓഫീസിലെ ജീവനക്കാരനെ വിളിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നു. ജീവനക്കാരൻ ടവറിന് സമീപം എത്തിയപ്പോൾ മോഷ്ടാവിനെ കാണുകയും ചോദ്യം ചെയ്തപ്പോൾ ജീവനക്കാരനെ തള്ളിയിട്ട് പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. 

മോഷ്ടാവ് ഇരു ചക്ര വാഹനത്തിൽ കോംപ്ലക്സിലേക്ക് വരുന്നതും ഓടുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു .മാള അഷ്ടമിച്ചിറ സ്വദേശിയുടെ പരാതി ലഭിച്ചതിനെ തുടർന്ന് മാള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മോഷ്ടാവ് ഉപേക്ഷിച്ചു പോയ ഇരു ചക്ര വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. 

 തുടർന്ന് വാഹന നമ്പറും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ പ്രതിയെ മാളയിൽ നിന്നും പിടി കൂടിയത് .പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആളൂരിൽ മൊബൈൽ ടവറിൽ നിന്നും ബാറ്ററി മോഷണം നടത്തിയ കേസിലും എറണാകുളം ജില്ലയിൽ വിവിധ മോഷണ കേസുകളിലും കേസുണ്ടെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി.

Leave A Comment