മതിലകത്ത് മോഷണ കേസിൽ അറസ്റ്റിലായ പ്രതി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു
മതിലകം: മോഷണ കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്. ആലപ്പുഴ എസ്.ഡി കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മതിലകം പുതിയകാവിലെ സ്ഥാപനത്തിൽ നിന്ന് ആറ് ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് മോഷ്ടിച്ച കേസിലാണ് ബാദുഷയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.മലഞ്ചരക്ക് കടത്താനുപയോഗിച്ച വാഹനം ഇയാൾ കായംകുളത്ത് നിർത്തിയിട്ടിരുന്നു. ഇതെടുക്കാനായി പോലീസ് ജീപ്പിൽ പോയി, തിരികെ വരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ
വാഹനം നിർത്തിയ സമയത്താണ് കൈയ്യിൽ വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ബാദുഷ. കഴിഞ്ഞ ദിവസം പാലക്കാട് നിന്നാണ് ബാദുഷയെ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തത്.
പ്രതി ചാടി പോയതിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്.
Leave A Comment