ക്രൈം

വാട്ട്‌സ് ആപ്പ് വഴി 75 ലക്ഷം രൂപ തട്ടിയെടുത്ത 2 പേരെ പോലീസ് പിടികൂടി

ചാലക്കുടി: വാട്ട്‌സ് ആപ്പ് വഴി പരിചയപ്പെട്ടയാളെ ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേരെ പോലീസ് പിടികൂടി. പെരുമ്പാവൂര്‍ കരിമ്പനയ്ക്കല്‍ മുഹമ്മദ് അഹദല്‍, കൊണ്ടോട്ടി അരിമ്പ്ര പാലയ്ക്ക പല്ലിയാട്ടില്‍ നജിമുദ്ദീന്‍ എന്നിവരെയാണ് ചാലക്കുടി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പുതുക്കാട് പോലിസ് പിടികൂടിയത്. മുത്രത്തിക്കര സ്വദേശിയുടെ പരാതിയില്‍ ആലുവയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 

മോഠിലാല്‍ ഒസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് ക്ലബ് എന്ന കമ്പനിയുടെ ട്രേഡിങ് ആപ്പ് വഴി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ട പ്രതികള്‍ കഴിഞ്ഞ സെപ്തംബര്‍ 5 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് അക്കൗണ്ട് വഴി തുക കൈപ്പറ്റുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  

ചാലക്കുടി ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തില്‍ പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. വി. സജീഷ് കുമാര്‍, എസ്.ഐ. പ്രദീപ്, എസ്.ഐ. ലാലു, എസ്.സി.പി.ഒ. മാരായ രജനീശന്‍, ദീപക്, സി.പി.ഒ. മാരായ കിഷോര്‍, നവീന്‍, ബേസില്‍, ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. തട്ടിപ്പ് സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ അന്വേഷണണം നടന്നു വരുന്നതായും പോലീസ് പറഞ്ഞു.

Leave A Comment