ക്രൈം

വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോം തട്ടിപ്പ്: 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

കയ്പമംഗലം: വ്യാജ ഓൺലൈൻ പ്ലാറ്റ്ഫോം വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ചെന്ത്രാപ്പിന്നി സ്വദേശിനിയുടെ പക്കൽ നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അജ്‌വാ വീട്ടിൽ 
തൻഹാൻ (19), മരുതക്കോട്ടിൽ വീട്ടിൽ മുഹമ്മദ് സിനാൻ (20)   എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ "EL CONNECT എന്ന ഓൺലൈൻ പ്ലാറ്റ്ഫോം വഴി പണം നിക്ഷേപിച്ചാൽ കമ്മീഷനായി ഒരു നിശ്ചിത തുക തരാം എന്നും അവകാശപ്പെട്ടും വിശ്വസിപ്പിച്ചും, നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘം തട്ടിയെടുത്ത പണം പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ച്, നിക്ഷേപിച്ച തുകയോ കമ്മീഷനോ നൽകാതെ ഇരകളെ ചതിക്കുകയുമായിരുന്നു. 

പ്രതികളെ കോഴിക്കോട് ജില്ലയിലെ അത്തോളി, കുന്ദമംഗലം എന്നിവിടങ്ങളിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈബർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത പരാതി അടിസ്ഥാനമാക്കി ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐ കെ.എസ്.സൂരജ്, ഗ്രേഡ് എസ്.ഐ ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ അനന്തുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Comment