ക്രൈം

കേരളബാങ്കില്‍ ജോലി വാഗ്ദാനംചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്തു; ഒളിവിലായിരുന്ന എ.എസ്.ഐ അറസ്റ്റിൽ

ആളൂർ: കേരളബാങ്കില്‍ ജോലി വാഗ്ദാനംചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്തെന്ന വനിതയുടെ പരാതിയില്‍ ഒളിവിലായിരുന്ന എ.എസ്.ഐ അറസ്റ്റിൽ. ആളൂർ പോലീസ്സ്റ്റേഷനിലെ എ.എസ്.ഐ. ആളൂർ മണക്കാടൻ വീട്ടില്‍ വിനോദ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വടമ കാട്ടിക്കരക്കുന്ന് കണ്ണൻകാട്ടില്‍ വീട്ടില്‍ ശരണ്യയുടെ പരാതിയിലാണ് അറസ്റ്റ്. ശരണ്യയുടെ ഭർത്താവ് രാഹുലിന്റെ ബന്ധുവാണ് വിനോദ്കുമാർ. അന്നമനട സ്വദേശി സുമേഷ്, രഞ്ജിത്ത് എന്നിവർ കൂട്ടുപ്രതികളാണെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

 2021 മേയിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. പരാതിക്കാരിയുടെ അച്ഛന്റെയും ഭർത്താവിന്റെയും കൈയില്‍നിന്ന് വിനോദ്കുമാർ നേരിട്ടും മറ്റ് രണ്ടു പ്രതികള്‍ അക്കൗണ്ട് മുഖേനെയും പലതവണ പണം കൈപ്പറ്റിയെന്നാണ് പരാതി. കേരളബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായി ജോലിനല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പറയുന്നു. 

ഏപ്രില്‍ 19-നാണ് ആളൂർ പോലീസില്‍ പരാതി നല്‍കിയത്. തുടർന്ന് വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് സി.ഐ. കെ.എം. ബിനീഷ് പറഞ്ഞു. എസ്.ഐ.മാരായ സുരേന്ദ്രൻ, ബിജു ജോസഫ്, സ്പെഷ്യല്‍ബ്രാഞ്ച് എസ്.ഐ. ബാബു, സി.പി.ഒ.ഡാനിയല്‍, ജീവൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.ഇതേ മാതൃകയില്‍ കൊരട്ടി സ്റ്റേഷനിലും രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൊന്നിലും വിനോദ് എന്ന പേരുള്ള ഒരാള്‍ പ്രതിയാണ്. കേസെടുത്ത് ഇത്രയധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലായിരുന്നു. കേരളബാങ്ക് അധികൃതർ ഇതുസംബന്ധിച്ച്‌ ചില വിവരങ്ങള്‍ പുറത്തുവിട്ടതോടെയാണ് വീണ്ടും ചർച്ചയായതും അറസ്റ്റിലേക്കെത്തിയതും.

Leave A Comment