ക്രൈം

ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവും അറസ്റ്റില്‍. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീതുവിനെയും കേസില്‍ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.കേസിലെ ഒന്നാംപ്രതിയായ ഇയാളും ശ്രീതുവിനെതിരേ മൊഴിനല്‍കിയതായാണ് വിവരം. തുടര്‍ന്നാണ് വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്ന് ബാലരാമപുരം പോലീസ് ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തേ സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതു അറസ്റ്റിലായിരുന്നു. ദേവസ്വംബോര്‍ഡില്‍ ഡ്രൈവര്‍ ജോലി ശരിയാക്കിനല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം കുഞ്ഞിനെ വീട്ടില്‍നിന്ന് കാണാതായെന്നായിരുന്നു ശ്രീതുവിന്റെ പരാതി. തുടര്‍ന്ന് നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ഇതിനുപിന്നാലെ ഏവരെയും ഞെട്ടിച്ച മറ്റുവിവരങ്ങളും പുറത്തുവന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.


Leave A Comment