ക്രൈം

കമ്പുകൊണ്ട് അടിച്ചു, പെൺകുട്ടി അലറി വിളിച്ചു ഓടി, വീഡിയോ പുറത്തുവിട്ടത് ദമ്പതിമാർ

തിരുവനന്തപുരം: പോത്തൻകോട് വെള്ളാനിക്കൽ പാറയിൽ കുട്ടികൾക്കുനേരേയുള്ള അക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് ദമ്പതിമാർ. സദാചാര ഗുണ്ടായിസം നടത്തിയ ആൾ സ്വതന്ത്രനായി നടക്കുന്നതറിഞ്ഞിട്ടാണ് വീഡിയോ പുറത്തുവിട്ടതെന്ന് സംഭവം ചിത്രീകരിച്ച ദമ്പതിമാരായ ശ്രീകാര്യം സ്വദേശി ലക്ഷ്മിയും ഭർത്താവ് വിഷ്ണുവും പറഞ്ഞു. ഫോട്ടോഷൂട്ടിനുവേണ്ടി സ്ഥലത്തെത്തിയതായിരുന്നു ഇവർ.”ലക്ഷ്മിയും ഭർത്താവും സുഹൃത്തുക്കളുമടങ്ങുന്ന സംഘം ഫോട്ടോഷൂട്ടിനായി പോകുമ്പോൾ ആൾക്കൂട്ടവും ബഹളവും കണ്ടു. കാര്യമന്വേഷിച്ചപ്പോൾ ഒരാൾ കുട്ടികളുടെ കൂട്ടത്തിലുള്ള ഒരാൺകുട്ടിയുടെ കവിളിൽ ശക്തമായി അടിക്കുന്നതാണ് കണ്ടത്. 
'
മൊബൈലിൽ വീഡിയോ ഓൺചെയ്ത് ഇവർ അടുത്തേക്കുപോയി. പിന്നീട് അയാൾ കമ്പെടുത്ത് ഒരു പെൺകുട്ടിയെയും അടിച്ചു. ആ കുട്ടി കരയുമ്പോൾ മറ്റൊരു കുട്ടിയെയും അയാൾ അടിച്ചു. ഇതു ചോദ്യംചെയ്തു. അയാൾ ആക്രമിക്കുന്നതു നിർത്തി. താൻ നാട്ടുകാരനാണെന്ന ഭാവവും അക്രമിക്കുണ്ടായിരുന്നു. പെൺകുട്ടികളെ തൊടരുതെന്ന് ഒച്ചവച്ചപ്പോൾ അയാൾ മടങ്ങി. പോലീസിൽ വിവരമറിയിച്ചപ്പോൾ പോത്തൻകോട് പോലീസെത്തി ഇവരോടു സംസാരിക്കുകയും ആക്രമിച്ച ആളെ കണ്ടെത്തി അന്നുതന്നെ അറസ്റ്റുചെയ്യുകയും ചെയ്തു. ലക്ഷ്മിയെയും ഭർത്താവിനെയും സാക്ഷികളാക്കിയാണ് കേസെടുത്തത്. സെപ്റ്റംബർ നാലിന് നടന്ന സംഭവത്തെക്കുറിച്ച് പിന്നീടു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ സ്റ്റേഷൻജാമ്യത്തിൽ വിട്ട വിവരം ഇവർ അറിയുന്നത്.

“പെൺകുട്ടികളെയും ആൺകുട്ടികളെയും നാട്ടുകാരായ അക്രമികൾ കമ്പുകൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്നതും പെൺകുട്ടികൾ നിലവിളിച്ചുകൊണ്ടു നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. തങ്ങൾ എന്തുചെയ്തിട്ടാണ് തല്ലുന്നതെന്ന് പെൺകുട്ടികൾ ചോദിക്കുന്നുണ്ട്. സംഭവദിവസംതന്നെ വിദ്യാർഥികളുടെ പരാതിയിൽ ശ്രീനാരായണപുരം സ്വദേശി മനീഷി(29)നെ പോത്തൻകോട് പോലീസ് പിടികൂടിയെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. മൂന്നു പെൺകുട്ടികളടക്കം ഏഴു വിദ്യാർഥികളാണ് സെപ്റ്റംബർ നാലിന് ഉച്ചയോടെ വെള്ളാണിക്കലെത്തിയത്. ഇതിൽ രണ്ടു പെൺകുട്ടികൾ സഹോദരങ്ങളാണ്. ഇവരെ ഒരുസംഘം ആളുകൾ ചോദ്യംചെയ്യുകയായിരുന്നു. ഈ സംഘത്തിലെ മനീഷാണ് വിദ്യാർഥിനികളെ ആക്രമിച്ചത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് പോത്തൻകോട് പോലീസെത്തി വിദ്യാർഥികളെയും പ്രതിയെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി. രക്ഷാകർത്താക്കളെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അവരോടൊപ്പം വിദ്യാർഥിനികളെ വിട്ടയച്ചു. പോലീസ് വിദ്യാർഥിനികളിൽനിന്നു പരാതി എഴുതിവാങ്ങി മർദനത്തിനു മാത്രം കേസെടുത്ത് പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി. വെള്ളാണിക്കലിൽ എത്തുന്നവർക്കു നേരേ ആക്രമണമുണ്ടാകുന്നതു പതിവാണെന്ന് സന്ദർശകർ പറയുന്നു. വൈകുന്നേരങ്ങളിലും മറ്റും ഭീഷണിപ്പെടുത്തി പണപ്പിരിവടക്കം നടത്തുന്നുണ്ടെന്നാണ് ആരോപണം.

പോലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആരോപണം

പോത്തൻകോട്: വെള്ളാണിക്കൽ പാറമുകളിൽ സ്കൂൾവിദ്യാർഥിനികളെ മർദിച്ച സംഭവത്തിലും ദുർബലമായ വകുപ്പുകൾ മാത്രമാണ് പോലീസ് ചുമത്തിയതെന്ന് ആരോപണം. പ്രായപൂർത്തിയാവാത്ത സ്കൂൾവിദ്യാർഥിനികളെ ക്രൂരമായി മർദിച്ചിട്ടും പ്രതികൾക്കെതിരേ പോത്തൻകോട് പോലീസ്, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ആക്രമണം സംബന്ധിച്ച വകുപ്പുകളൊന്നും ചുമത്തിയില്ല. ഇക്കാര്യം കുട്ടികളുടെ മൊഴിയിലില്ല എന്നാണ് പോലീസ് പറയുന്നത്. അക്രമിസംഘത്തിലെ ഒരാളുടെ പേരിൽ മാത്രമാണ് കേസെടുത്തത്. മർദനദൃശ്യങ്ങൾ പുറത്തുവന്നതോടെ, വിദ്യാർഥിനികൾ മൊഴിനൽകിയാൽ മറ്റു വകുപ്പുകൾ ഉൾപ്പെടുത്താമെന്ന നിലപാടിലാണ് പോലീസ്.

Leave A Comment