ക്രൈം

പ്രായമായ ദമ്പതിമാരെ തീകൊളുത്തി, ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ വടവൂരില്‍ അയല്‍വാസിയുടെ ആക്രമണത്തില്‍ പൊള്ളലേറ്റ് മരിച്ച പ്രഭാകരക്കുറുപ്പിന്റെ ഭാര്യയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിമലയാണ് മരിച്ചത്. അയല്‍വാസി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച ശേഷം ഇരുവരേയും പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. അക്രമം നടത്തിയ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തിനിടെ ശശിധരന്‍ നായര്‍ക്കും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഭാകരക്കുറുപ്പിനെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ എത്തുമ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടു.

രണ്ടര പതിറ്റാണ്ടിലധികം നീണ്ട പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു. പ്രഭാകരക്കുറുപ്പ് ശശിധരന്‍ നായരുടെ മകന് അവിടെ ജോലി ശരിയാക്കി നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫില്‍വെച്ച് മകന്‍ ജീവനൊടുക്കി. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുകുടുംബങ്ങള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം. ഈ തര്‍ക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്.

Leave A Comment