ഓൺലൈനിലൂടെ പണം തട്ടുന്ന സംഘത്തിലെ ജാർഖണ്ഡ് സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുകകൾ തട്ടിയെടുക്കന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സംഘം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ അജിത് കുമാർ മണ്ഡൽ, (22 ) എന്നയാളാണ് അറസ്റ്റിലായത്.
2021 ഒക്ടോബർ 8 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ ഭർത്താവിൻെറ 40,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
യുവതിയുടെ ഭർത്താവിൻെറ എസ്ബിഐ ബാങ്ക് അക്കൗണ്ട് ബ്ളോക്ക് ആയെന്നും കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും അപ്ഡേറ്റ് ചെയ്യാനുള്ള ലിങ്ക് എന്ന വ്യാജേന എസ്ബിഐ യുടേതെന്ന് തോന്നിക്കുന്ന ഒരു ലിങ്ക് മൊബൈലിലേക്ക് എസ്എംഎസ് ആയി അയച്ച് കൊടുത്തതാണ് തട്ടിപ്പിന്റെ തുടക്കമിട്ടത്. തനിക്ക് വന്നത് വ്യാജ സന്ദേശമാണെന്ന് അറിയാതെ മേൽ പറഞ്ഞ ലിങ്കിൽ ക്ളിക്ക് ചെയ്യുകയും തുടർന്ന് എസ്ബിഐ യുടേതെന്ന് തോന്നിപ്പിക്കുന്ന വെബ്ബ് സൈറ്റിൽ തൻെറ ബാങ്ക് ഡീറ്റയിൽസും ഡെബിറ്റ് കാർഡ് ഡീറ്റയിൽസും തുടർന്ന് തൻെറ മൊബൈലിലേക്ക് വന്ന് ഒടിപി കളും കൊടുക്കുകയായിരുന്നു. തുടർന്ന് രണ്ട് ട്രാൻസാക്ഷനുകളിലൂടെ യുവതിയുടെ 40,000 ത്തോളം രൂപ നഷ്ടപ്പെടുകയായിരുന്നു. താൻ തട്ടിപ്പിന് ഇരയായി എന്ന് മനസ്സിലാക്കിയ യുവതി പോലീസിന് പരാതി നൽകുകയായിരുന്നു.
തട്ടിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയ പോലീസ് അന്വേഷണത്തിനായി സൈബർ ക്രൈം വിദഗ്ധർ അടങ്ങിയ സ്പെഷ്യൽ ടീം രൂപികരിക്കുകയും ചെയ്തു.
ഒരു വർഷത്തോളം അനലൈസ് ചെയ്ത് നിരിക്ഷിച്ചതിന് ശേഷമാണ് പ്രതിയെ തിരിച്ചറിയാൻ സാധിച്ചത്. പോലീസിനെ കണ്ട് അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് അന്വേഷണ സംഘം കീഴപ്പെടുത്തി അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു തോമസ്, ഡിസ്ട്രിക് ക്രൈം റെക്കോർഡ് ബ്യൂറോ ഡി.വൈ.എസ്.പി പി.സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർ വി. ഗോപികുമാർ, ജില്ലാ ക്രൈം ബാഞ്ച് അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ പി.പി.ജയകൃഷ്ണൻ, സി.പി.ഒ മാരായ നെഷ്റു.എച്ച്.ബി, അജിത്ത്കുമാർ.കെ.ജി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
Leave A Comment