പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: എം.പി. റിജിൽ പിടിയിൽ
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുന്‍ സീനിയര്‍ മാനേജർ എം.പി. റിജിൽ പിടിയിൽ. ഇയാളെ ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ഉണ്ടായേക്കും. മുക്കം ഏഴിമലയിലെ ബന്ധുവീട്ടിൽനിന്നാണ് റിജിലിനെ ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിൽനിന്നും പത്തരക്കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. പഞ്ചാബ് നാഷണൽ ബാങ്ക് കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലാണ് ഇയാൾ തിരിമറി നടത്തിയത്. റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.
ബാങ്കിൽനിന്നും തട്ടിയെടുത്ത പണം ഓൺലൈൻ റമ്മികളിക്കാനും ഓഹരിവിപണിയിലുമാണ് ഇയാൾ മുടക്കിയതെന്നാണ് പോലീസ് പറയുന്നത്. റിജിൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് വിമാനത്താവളങ്ങളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെ തട്ടിപ്പിലൂടെ കോഴിക്കോട് കോർപറേഷന് നഷ്ടമായ 10.7 കോടി രൂപ കൂടി ബാങ്ക് തിരികെ നൽകി. ഇന്നു ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനപ്രകാരമാണ് നടപടി. നേരത്തെ 2.83 കോടി രൂപ തിരികെ നൽകിയിരുന്നു. ബാങ്ക് സ്വന്തം തനത് ഫണ്ടിൽ നിന്നാണ് 2.83 കോടി നൽകിയത്.
Leave A Comment